 
ചെങ്ങന്നൂർ: നന്ദാവനം- എൻജിനിയറിംഗ് കോളേജ് റോഡിന്റെ നിർമ്മാണം എം.എൽ.എയും നഗരസഭയും തമ്മിലുളള തർക്കംമൂലം മുടങ്ങി. നഗരസഭയുടെ ഉടമസ്ഥതയിലുളള ഫയർഫോഴ്സ് ഓഫീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തോടു ചേർന്നുളള സ്ഥലം റോഡിനായി വിട്ടുനൽകാത്തതാണ് അവസാനഘട്ടത്തിൽ പണിമുടങ്ങാൻ കാരണം. നഗരസഭയുടെ ഉടമസ്ഥതയിലുളള സ്ഥലം വിട്ടുനൽകേണ്ടത് സർക്കാരിന്റെ അനുവാദത്തോടെ വേണമെന്നാണ് നഗരസഭാ ഭരണസമിതി നിലപാട്. എന്നാൽ റോഡുവികസനത്തിനായി കോടികൾ വിലമതിക്കുന്ന വസ്തു സ്വകാര്യ ഉടമസ്ഥർ സൗജന്യമായി വിട്ടുനൽകിയിട്ടും റോഡുവികസനത്തിന് ഫണ്ട് വകയിരുത്തിയിട്ടും നഗരസഭ സ്ഥലം വിട്ടുനൽകാത്തതിന് പിന്നിൽ രാഷ്ട്രീയമാണെന്നും ഇത് ചെങ്ങന്നൂരിന്റെ വികസനത്തെ പിന്നോട്ടടിക്കുമെന്നും സജിചെറിയാൻ എം. എൽ.എ പറഞ്ഞു. നഗരസഭയുടേത് ഉൾപ്പടെ 11 പേരുടെ ഉടമസ്ഥതയിലുളള വസ്തുവാണ് ഈ റോഡിന് ഇരുവശത്തുമായി ഉളളത്. സ്വകാര്യ വസ്തു ഉടമകൾ സ്ഥലം വിട്ടുനൽകിയതിനെ തുടർന്ന് റോഡിന് വീതികൂട്ടുകയും ഇലക്ട്രിക് പോസ്റ്റുകളും ട്രാൻസ് ഫോർമറും മാറ്റിസ്ഥാപിക്കുകയും ചെയ്തു. നഗരസഭയുടെ സ്ഥലംകൂടി വിട്ടുകിട്ടിയാൽ 10ദിവസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. സ്ഥലം ഉടൻ കിട്ടിയില്ലെങ്കിൽ കരാറുകാരൻ പദ്ധതി ഉപേക്ഷിക്കുമെന്നും റോഡുപണി എന്നന്നേക്കുമായി നിലയ്ക്കുമെന്നും ഇവർ പറഞ്ഞു.
1.9 സെന്റ് സ്ഥലംകൂടി വേണം
നിലവിൽ നവീകരണത്തിന്റെ ഭാഗമായി റോഡുപണിയുടെ 50 ശതമാനം പണികൾ പൂർത്തിയാക്കി. ഇതിനായി സ്വകാര്യ വസ്തു ഉടമകൾ രണ്ടരക്കോടി രൂപ വിലമതിക്കുന്ന 9 സെന്റ് സ്ഥലമാണ് വിട്ടുനൽകിയത്. നഗരസഭയുടെ ഉടമസ്ഥതയിലുളള 1.9 സെന്റ് സ്ഥലംകൂടി ലഭ്യമായെങ്കിലെ പണി തുടങ്ങാൻ കഴിയു. പൊലീസ്, ട്രാഫിക് പൊലീസ്, അഗ്നിരക്ഷാസേന, എൻജിനിയറിംഗ് കോളേജ്, ഗവൺമെന്റ് ആശുപത്രി, മിനിസിവിൽ സ്റ്റേഷൻ, സബ് രജിസ്ട്രാർ ഓഫീസ് തുടങ്ങി നിരവധി ഓഫീസുകളിലേക്ക് ഈ റോഡിലൂടെയാണ് പോകേണ്ടത്. ആയിരക്കണക്കിന് ആളുകൾ നിത്യേന കടന്നു പോകുന്ന റോഡിന്റെ നവീകരണത്തിനായി എം.എൽ.എ 55 ലക്ഷംരൂപ അനുവദിച്ചിരുന്നു. നിലവിലെ അഞ്ചരമീറ്റർ വീതിക്കുപകരം എട്ടുമീറ്റർ വീതിയിലാണ് നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നത്.
റോഡും സ്ഥലവും നഗരസഭയുടേത്: സജി ചെറിയാൻ
റോഡും സ്ഥലവും നഗരസഭയുടെ ഉടമസ്ഥതയിലാണെന്നും റോഡുനിർമ്മാണത്തിന് തടസം നിൽക്കുന്നത് നഗരസഭയാണെന്നും സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. നഗരസഭയുടെ സ്ഥലം വിട്ടുനൽകുന്നതിന് സർക്കാരിലേക്ക് കത്തയച്ചിട്ടുണ്ടെന്ന് പറയുന്നത് മുടന്തൻ ന്യായമാണ്. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ നഗരഹൃദയത്തിലെ റോഡുപണി തടസപ്പെടുത്തുന്നത് ബാലിശമാണെന്നും എം.എൽ.എ പറഞ്ഞു.
റോഡ് പൊതുമരാമത്തിന്റേത്: നഗരസഭ
നഗരസഭ റോഡുപണിക്ക് എതിരല്ലെന്ന് ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് പറഞ്ഞു . നിയമാനുസരണമുളള നടപടികൾ പൂർത്തിയാക്കേണ്ടത് സർക്കാരാണ്. ഇക്കാര്യം സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇതിന് മറുപടി നൽകാതെ കാലതാമസം ഉണ്ടാക്കുന്നത് സർക്കാരാണ്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതിയിലുളള റോഡ് നഗരസഭയുടെതാണെന്ന തരത്തിൽ പറയുന്നത് തെറ്റിദ്ധരിപ്പിക്കലാണ്.