ചിറ്റാർ: എസ്. എൻ. ഡി. പിയോഗം അടൂർ യൂണിയനിലെ മേലൂട് 2006 -ാം നമ്പർ ശാഖായോഗം പ്രസിഡന്റ് രാധാകൃഷ്ണനെ വീട്ടിൽ കയറി വെട്ടിയ പ്രതിയെപ്പറ്റി വിവരം ലഭിച്ചിട്ടും പിടികൂടാത്തതിൽ 1182 -ാം നമ്പർ ചിറ്റാർ ശാഖ പ്രതിഷേധിച്ചു. പൊലീസിനെതിരെ പ്രതിഷേധം ശക്തമാക്കി മുമ്പോട്ട് പോകുന്നതിന് പ്രമേയം പാസാക്കി. ഗുരുതര പരിക്കേറ്റ രാധാകൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെക്കുറിച്ച് കൃത്യമായ മൊഴി കൊടുത്തിട്ടും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നില്ല. ചാല ഗുരുമന്ദിരത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന പ്രതിയെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസിൽ ഏൽപ്പിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇയാളാണ് രാധാകൃഷ്ണനെ വെട്ടിയതെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. പൊലീസിന്റെ അനാസ്ഥയ്ക്കെതിരെ അടൂർ യൂണിയനുമായി ചേർന്ന് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ശാഖാ പ്രസിഡന്റ് താമശേരിൽ ജയപ്രകാശ്,സെക്രട്ടറി ഗോപിനാഥൻ ടി. കെ., യൂണിയൻ കമ്മിറ്റി മെമ്പർ എൻ. ജി. തമ്പി, വനിതാസംഘം പ്രസിഡന്റ് ലളിത സത്യരാജ്, സെക്രട്ടറി അമ്പിളി ശ്രീകുമാർ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ശരണ്യ കലേഷ്, എന്നിവർ അറിയിച്ചു.