students
തിരുവല്ല ഡയറ്റ് കാമ്പസിൽ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ

തിരുവല്ല: അദ്ധ്യാപകരായി വിരമിച്ചെങ്കിലും 38 വർഷങ്ങൾക്കുശേഷം അവർ മാതൃവിദ്യാലയത്തിൽ ഒത്തുകൂടി. തിരുവല്ല ഗവ. ബി.ടി.എസിലെ (ബേസിക് ട്രെയിനിംഗ് സെന്റർ) 82-84 ബാച്ച് പൂർവ വിദ്യാർത്ഥികളാണ് പ്രായംമറന്ന് സംഗമിച്ചത്. അദ്ധ്യാപക വിദ്യാർത്ഥികളായി തിരുവല്ലയിലെ ഡയറ്റിൽ (പഴയ ജി.ബി.ടി.എസ്) കോഴ്സ് പൂർത്തിയാക്കിയ അവർ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ അദ്ധ്യാപകരായിത്തന്നെയാണ് വിരമിച്ചത്. പ്രസിഡന്റ് ഷീലാമ്മയുടെ ഓട്ടോഗ്രാഫിലെ മേൽവിലാസമാണ് എല്ലാവരുടെയും കൂടിച്ചേരലിന് വഴിയൊരുക്കിയത്. ഈ കണ്ടെത്തലിലൂടെ മൂന്നുമാസം മുമ്പ് സംഘടനയുണ്ടാക്കി. സംഘടനയുടെ നേതൃത്വത്തിൽ ഡയറ്റ് ഗവ.സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി സാബു സെബാസ്റ്റിനിൽ നിന്ന് പ്രിൻസിപ്പൽ വേണുഗോപാൽ ഏറ്റുവാങ്ങി. പ്രസിഡന്റ് ഷീലാമ്മ ജോൺ അദ്ധ്യക്ഷത വഹിച്ചു. ഗുരുക്കന്മാരായ ഡി.രാധാകൃഷ്ണപിള്ള, കെ.ആർ.മോഹനൻ എന്നിവരെ ആദരിച്ചു. കമ്മിറ്റിയംഗം കെ.വി.നാരായണൻ, സി.രാമചന്ദ്രൻ, എലിസബത്ത് ജോസഫ് എന്നിവർ പ്രസംഗിച്ചു.