1
മല്ലപ്പള്ളി - കോട്ടയം സംസ്ഥാന പാതയിൽ മുക്കൂർ ജംഗ്ഷന് സമീപം ടാറിങ്ങിനോട് ചേർന്ന് നില്ക്കുന്ന ഇലക്ട്രിക്ക് പോസ്റ്റ്

മല്ലപ്പള്ളി : മല്ലപ്പള്ളി - നെടുങ്ങാടപ്പള്ളി റോഡിൽ മുക്കൂർ ജംഗ്ഷനു സമീപത്തെ രണ്ട് വൈദ്യുതി പോസ്റ്റുകൾ അപകടക്കെണിയൊരുക്കുന്നു. ടാറിംഗിനോട് ചേർന്ന് അപകടകരമായ രീതിയിലാണ് പോസ്റ്റ് കെ.എസ്.ഇ.ബി അധികൃതർ സ്ഥാപിച്ചിരിക്കുന്നത്. നിരവധി പരാതികളാണ് ഇതിനോടകം തന്നെ ഉയർന്നിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് റോഡ് നവീകരണം നടത്തിയെങ്കിലും പോസ്റ്റ് ഇതുവരെ വശത്തെയ്ക്ക് മാറ്റി സ്ഥാപിച്ചിട്ടില്ല. ഇവയ്ക്ക് ചുറ്റുമായി കോൺക്രീറ്റ് ഐറിഷും ചെയ്തിട്ടുണ്ട്. ഈ ഭാഗത്ത് വളവായതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നതിനും സാദ്ധ്യത ഏറെയാണ്. കഴിഞ്ഞ ഇവിടെ എഴുമറ്റൂർ സ്വദേശിയുടെ ബൈക്ക് പോസ്റ്റിൽ തട്ടിവീണ് വീട്ടമ്മയ്ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇരുവശങ്ങളിൽ നിന്നും വലിയവാഹനങ്ങൾ കടന്നുപോകുന്നതിനും ബുദ്ധിമുട്ടാകാറുണ്ടെന്ന് ഡ്രൈവർമാരും പറയുന്നു. നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കോഴഞ്ചേരി -മല്ലപ്പള്ളി - കോട്ടയം സംസ്ഥാന പാതയിലെ അപകടം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. കൂടാതെ വർഷങ്ങൾക്ക് മുമ്പേ ഉപയോഗശൂന്യമായ ടെലിഫോൺ പോസ്റ്റുകളും ഈ റോഡിന്റെ ശാപമാണ്. തിരുവല്ല -മല്ലപ്പള്ളി റോഡിലും മല്ലപ്പള്ളി റാന്നി റോഡിലും ഇത്തരം പോസ്റ്റുകളുണ്ട്. വീതി കുറവായ ഗ്രാമീണറോഡുകളിലും വാഹന യാത്രയ്ക്ക് തടസമാകുന്ന പോസ്റ്റുകൾ അടിയന്തരമായി നീക്കം ചെയ്ത് യാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യം.