കൊടുമൺ : അങ്ങാടിക്കൽ തെക്ക് വേലൻപറമ്പിൽ സുരേന്ദ്രനെ ഏഴുമാസം കഴിഞ്ഞിട്ടും കണ്ടുകിട്ടാത്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ഗോത്രവർഗ കമ്മീഷനും കേസെടുത്തു. 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് പട്ടികജാതി ഗോത്രവർഗ കമ്മീഷൻ അടൂർ ഡിവൈ.എസ്.പി യോട് ആവശ്യപ്പെട്ടു. സുരേന്ദ്രന്‍റെ തീരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ മുഖ്യമന്ത്രി ജില്ലാ പൊലീസ് ചീഫിനും നിർദ്ദേശം നൽകി. വിവരാവകാശ പ്രവർത്തകനും സുരേന്ദ്രന്റെ സുഹൃത്തുമായ റഷീദ് ആനപ്പാറ നൽകിയ പരാതിയെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്റെയും പട്ടികജാതി ഗോത്രവർഗ കമ്മീഷന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും നടപടി. കഴിഞ്ഞ വർഷം ജൂലയ് 12 മുതലാണ് സുരേന്ദ്രനെ കാണാതായത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊടുമൺ പൊലീസ് കേസെടുത്തിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതാണ്.