പത്തനംതിട്ട: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് സഭാതല യുവജന സംഗമം ഹെസദ് 2022 ഇന്നും നാളെയും നടക്കും. ഇന്ന് വൈകിട്ട് 6 ന് അടൂർ ഓൾ സെയിന്റ്സ് പബ്ലിക് സ്‌കൂളിൽ അന്തർദേശീയ ക്വിസ് മത്സരം . പത്തനംതിട്ട ഭദ്രാസന മുഖ്യ വികാരി ജനറാൾ മോൺസിഞ്ഞോർ ഡോ. ഷാജി മാണികുളം ഉദ്ഘാടനം ചെയ്യും . നാളെ ആനന്ദപ്പള്ളി സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിൽ യുവജന സംഗമം നടക്കും . എല്ലാ രൂപതകളിൽ നിന്നുമായി 1500 ഓളം യുവജനങ്ങൾ പങ്കെടുക്കും. രാവിലെ കുർബാനയ്ക്ക് വിൻസെന്റ് മാർ പൗലോസ് മെത്രാപ്പോലിത്ത മുഖ്യ കാർമ്മികത്വം വഹിക്കും . യുവജന സെമിനാർ, സമ്മേളനം, റാലി എന്നിവ നടക്കും . സഭാതല സമിതി പ്രസിഡന്റ് ഏയ്ഞ്ചൽ മേരിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതു സമ്മേളനം പത്തനംതിട്ട ഭദ്രാസന അദ്ധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും . യൂഹാേനാൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത , റവ. മാത്യൂസ് പോളിക്കാർപ്പസ് മെത്രാപ്പോലിത്ത് തുടങ്ങിയവർ പങ്കെടുക്കും . പത്തനംതിട്ട ഭദ്രാസനമാണ് യുവജന സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഡയറക്ടർ ഫാ. സ്‌കറിയ പതാലിൽ , ജനറൽ സെക്രട്ടറി ബിബിൻ എബ്രഹാം, ട്രഷറർ ലിജോ ഫിലിപ്പ് , അലീന ജോസഫ് , ആൽബി കെ. ഷിജോ എന്നിവർ പങ്കെടുത്തു.