ചെങ്ങന്നൂർ: ശ്രീനാരായണ ഗുരുദേവൻ വിശ്രമിച്ച പാറയ്ക്കലിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. പാറയ്ക്കൽ പുണ്യതീർത്ഥ മണ്ഡപവും ഗുരു വിശ്രമിച്ച അരയാൽത്തറയും ഗുരുക്ഷേത്രവും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ആത്മീയ തലസ്ഥാനമായി പ്രഖ്യാപിച്ച പാറയ്ക്കലിന്റെ സമഗ്ര വികസനത്തിന് എം.പി എന്ന നിലയിലും വ്യക്തിപരമായും സഹായം നൽകും. ഗുരുവിന്റെ വിശ്രമ വേളയിൽ ദാഹശമനത്തിനായി ഗുരു സൃഷ്ടിച്ച നീരുറവ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം, ശ്രീനാരായണ ധർമ്മസേവാസംഘം വൈസ് പ്രസിഡന്റ് സന്തോഷ് കാരയ്ക്കാട്, സെക്രട്ടറി പി.എൻ.വിജയൻ, ട്രഷറർ സുശീലൻ, പാറയ്ക്കൽ ശാഖാ സെക്രട്ടറി എൻ. മോഹനൻ, ഗ്രാമപഞ്ചായത്തംഗം കെ.എൽ.ബിന്ദു, ഗിരിജിത്ത് എന്നിവർ ചേർന്ന് എം.പിയെ സ്വീകരിച്ചു.