പത്തനംതിട്ട: റാന്നി വൈക്കം മണികണ്ഠൻ ആൽത്തറ കേന്ദ്രമാക്കി അയ്യപ്പ ധർമ്മ സേവാസമിതിയുടെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ നവംബർ 17 മുതൽ അഖില ഭാരത അയ്യപ്പ ഭാഗവത മഹാസത്രം സംഘടിപ്പിക്കും. ഡിസംബർ 27 ന് സമാപിക്കും. തന്ത്രി മുഖ്യൻ കോഴിക്കോട് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയും സംഘവും കാർമ്മികത്വം വഹിക്കും. നവാഹയജ്ഞം , മഹാനവഗ്രഹഹോമം, ശനീശ്വരപൂജ, ശനിദോഷ നിവാരണ യജ്ഞം , ഗ്രന്ഥപാരായണം , അന്നദാനം എന്നിവ ഉണ്ടാകും . ഡിസംബർ 15 മുതൽ 27 വരെയാണ് മുഖ്യ ചടങ്ങുകൾ. സത്രവേദിയിൽ പ്രതിഷ്ഠിക്കാനുള്ള അയ്യപ്പ വിഗ്രഹവും ധർമ്മ പതാകയും വഹിച്ചുള്ള ഘോഷയാത്ര ഡിസംബർ 8 ന് ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. പുണ്യഗ്രന്ഥവും വഹിച്ചുള്ള രഥ ഘോഷയാത്ര ഡിസംബർ 14 ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആരംഭിച്ച് ഹരിപ്പാട് വഴി പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ എത്തും. അവിടെ നിന്ന് പന്തളം കൊട്ടാരം പ്രതിനിധികളിൽ നിന്ന് ഏറ്റുവാങ്ങുന്ന ദീപം സ്വീകരിച്ചാണ് ഘോഷയാത്ര റാന്നിയിലേക്ക് നീങ്ങുക . ഡിസംബർ 15 ന് വൈകിട്ട് 3 ന് ഘോഷയാത്രകൾ റാന്നിയിൽ സംഗമിച്ച് മഹാ ഘോഷയാത്രയായി യജ്ഞവേദിയിലേക്ക് എത്തിച്ചേരും . പ്രമുഖ ചലച്ചിത്രതാരം സുരേഷ്‌ ഗോപിയാണ് മുഖ്യരക്ഷാധികാരി. ശബരിമല തന്ത്രിമാർ ഉൾപ്പടെയുള്ളവർ മേൽനോട്ടം വഹിക്കും .

വാർത്താ സമ്മേളനത്തിൽ എസ്. അജിത്ത് കുമാർ , പ്രസാദ് കുഴികാല , ഗോപൻ ചെന്നിത്തല , ശ്രീജിത്ത് അയിരൂർ , പി. മോഹനചന്ദ്രൻ , രാധാകൃഷ്ണൻ നായർ പെരുമ്പെട്ടി എന്നിവർ പങ്കെടുത്തു.