വള്ളിക്കോട് : വള്ളിക്കോട് മൂഴി പാലത്തിന്റെ സംരക്ഷണ ഭിത്തി തകർന്നതിനെ തുടർന്നുണ്ടായ ബലക്ഷയം പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. രണ്ടാഴ്ചയ്ക്കുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പാലം ബലപ്പെടുത്താനാണ് തീരുമാനം. കഴിഞ്ഞ മാസം 24നാണ് പാലത്തിന്റെ കരിങ്കൽ സംരക്ഷണ ഭിത്തി വലിയ തോട്ടിലേക്ക് തകർന്ന് വീണത്. വാഹന തിരക്കേറിയ പാലത്തിന്റെ അറ്റകുറ്റപ്പണി വൈകുന്നത് സംബന്ധിച്ച് കേരള കൗമുദി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിച്ചത്. അപകട ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ തിരിച്ചുവിടാൻ ബഥൽ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഭാരം കയറ്റിയ വാഹനങ്ങൾ ഉൾപ്പെടെ പാലത്തിലൂടെയാണ് കടന്നുപോകുന്നത്.
പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം
കോന്നി - ചന്ദനപ്പള്ളി റോഡിൽ താഴൂർ കടവിനും ദീപാ ജംഗ്ഷനും ഇടയിൽ വലിയ തോടിന് കുറുകയായണ് മൂഴി പാലം സ്ഥിതി ചെയ്യുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിന്റെ മറു ഭാഗത്തെ കൽകെട്ട് 10വർഷം മുമ്പ് തകർന്നിരുന്നു. ഭാരം കയറ്റിയ വാഹനങ്ങൾ ഉൾപ്പെടെ നിരന്തരം കടന്നു പോകുന്ന തിരക്കേറിയ റോഡാണിത്. തകർന്ന ദിവസം തന്നെ പണികൾ തുടങ്ങുമെന്ന് സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞിരുന്നെങ്കിലും വൈകുകയായിരുന്നു. അറ്റകുറ്റപ്പണികൾ വൈകിയാൽ ഉണ്ടാകാവുന്ന ദുരന്ത സാദ്ധ്യതയും കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു.
ഗതാഗതം തിരിച്ചുവിടാൻ സംവിധാനങ്ങളില്ല
അപകടാവസ്ഥയിലായ പാലത്തിൽ പണികൾ തുടങ്ങിയെങ്കിലും വാഹനങ്ങൾ വഴി തിരിച്ചുവിടാൻ ബഥൽ സംവിധാനങ്ങൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രദേശത്തെ മറ്റ് റോഡുകൾ ഗതാഗത യോഗ്യമല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന മൂഴിക്കടവ് - മായാലിൽ റോഡ്, അക്കാളുമുക്ക് - പുത്തൻചന്ത റോഡ് എന്നിവ പൂർണ്ണമായും തകർന്ന നിലയിലാണ്. പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകൾ ചേർന്ന പ്രദേശമാണിത്.
- കൽക്കെട്ട് തകർന്നിട്ട് 10 വർഷം