 
തിരുവല്ല: നഗരസഭാ പ്രദേശത്ത് നെൽകൃഷിക്കായുള്ള ഒരുക്കങ്ങൾ ഇത്തവണ നേരത്തെ തുടങ്ങി. കവിയൂർ പുഞ്ചയിലെ 600 ഏക്കറിലാണ് ഇത്തവണ നഗരസഭാ പരിധിയിൽ കൃഷി ചെയ്യുന്നത്. ഇതിൽ കുന്നന്താനം പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന വൈറ്റാടിന് സമീപം അണ്ണവട്ടത്ത് ട്രാക്ടർ ഇറങ്ങി നിലമൊരുക്കൽ ആരംഭിച്ചു. ഇവിടെ 200 ഏക്കറിലാണ് നെൽകൃഷി ചെയ്യുന്നത്. മുൻവർഷം കാലാവസ്ഥ ചതിച്ചതിനാൽ ഇത്തവണ നേരത്തെ നിലം ഒരുക്കം നടത്തുകയാണ് കർഷകർ. ഇതുകാരണം ഡിസംബറിലാണ് വിത്തവിതയ്ക്കൽ നടന്നത്. കാലാവസ്ഥ അനുകൂലമെങ്കിൽ ഈമാസം അവസാനമോ നവംബർ ആദ്യമോ ഇക്കുറി വിത്ത് വിതയ്ക്കാമെന്ന പ്രതീക്ഷയിലാണ് കർഷകർ, കവിയൂർ, കിഴക്കൻമുത്തൂർ, ആമല്ലൂർ പാടശേഖര സമിതികളുടെ നേതൃത്വത്തിലാണ് നഗരസഭാ പ്രദേശത്ത് കൃഷിയിറക്കുന്നത്.
പെട്ടിയും പറയും പുനഃസ്ഥാപിക്കണം 
തിരുവല്ല: കവിയൂർ പുഞ്ചയിലെ നെൽകൃഷിക്ക് ആവശ്യമായ പെട്ടിയും പറയും പുനഃസ്ഥാപിക്കാത്തത് കർഷകരെ ആശങ്കയിലാക്കുന്നു. രണ്ടുവർഷം മുമ്പ് വെള്ളപ്പൊക്കത്തിൽ തകർന്ന പെട്ടിയും പറയും ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. മുൻവർഷം പെട്ടിയും പറയും സ്ഥാപിക്കുന്ന തൂണുകളും തറയും പ്രവർത്തിപ്പിക്കാനാകാതെ വന്നതോടെ മണൽച്ചാക്ക് അടുക്കിവെച്ച് പാടത്തേക്കുള്ള വെള്ളം നിയന്ത്രിച്ചാണ് കൊയ്ത്ത് നടത്തിയത്. കൃഷിക്ക് നിലമൊരുക്കുന്നതിന്റെ ഭാഗമായി കുറ്റപ്പുഴ തോട് വഴിയാണ് പുഞ്ചയിലെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ഇതിന് വേണ്ടി മാർത്തോമ്മാ കോളേജിന് പിൻവശത്തുള്ള തോടിനോട് ചേർന്നാണ് പെട്ടിയും പറയും സ്ഥാപിക്കാറുള്ളത്. ഇവിടുത്തെ പെട്ടിയും പറയും സ്ഥാപിക്കാനുള്ള തറയും തൂണുകളുമാണ് വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞുവീണത്.
........................
തറ പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി ഇറിഗേഷൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. ഈ ആവശ്യം ഉന്നയിച്ച് മന്ത്രിക്ക് പരാതി നൽകും.
കെ.അനിൽകുമാർ
(പാടശേഖരസമിതി സെക്രട്ടറി)
.......
-കവിയൂർ പുഞ്ചയിൽ 600 ഏക്കറിൽ നെൽക്കൃഷി
- കുന്നന്താനത്ത് 200 ഏക്കറിൽ നെൽക്കൃഷി