ചെങ്ങന്നൂർ: സംസ്ഥാന സർക്കാർ സംരംഭക വർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഒരു വർഷം ഒരുലക്ഷം സംരംഭങ്ങൾ പദ്ധതിയിൽ 61.69ശതമാനം നേട്ടത്തോടെ ചെങ്ങന്നൂർ സംസ്ഥാനത്തലത്തിൽ ഒന്നാമതെത്തി. നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചെങ്ങന്നൂർ നഗരസഭ 75 ശതമാനം, പുലിയൂർ പഞ്ചായത്ത് 56.32, ആല 58.33, ബുധനൂർ 60, തിരുവൻവണ്ടൂർ 65.38, വെണ്മണി 63.73, മുളക്കുഴ 60, പാണ്ടനാട് 56.25, ചെറിയനാട് 55.86, മാന്നാർ 59.23, ചെന്നിത്തല 54.41 എന്നീ ക്രമത്തിൽ പദ്ധതി മികവു നേടി. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി നിയോജക മണ്ഡലതല അവലോകന യോഗം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ് ശിവകുമാർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തു പ്രസിഡന്റുമാരായ കെ.ആർ മുരളീധരൻ പിള്ള, ടി.സി സുനിമോൾ, പ്രസന്ന രമേശൻ, പി.വി സജൻ, രമ മോഹൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ. അഭിലാഷ്, ചെങ്ങന്നൂർ വ്യവസായ വികസന ഓഫീസർ എസ് ജയമോഹൻ എന്നിവർ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, സെക്രട്ടറിമാർ, ഇന്റേൺസ്, വിവിധ ബാങ്ക് പ്രതിനിധികൾ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വ്യവസായ വകുപ്പിൽ നിന്നുള്ള സബ്‌സിഡികൾ എം.എൽ.എ വിതരണം ചെയ്തു.