അടൂർ: നഗരസഭാ പരിധിയിൽ വീണ്ടും വ്യാപക മണ്ണെടുപ്പും നിലം നികത്തലും വ്യാപകമെന്ന് പരാതി. രണ്ടാം വാർഡിൽ മലയിടിച്ച് മണ്ണെടുക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം. ഈ മണ്ണ് ഉപയോഗിച്ചാണ് ബെെപ്പാസ് റോഡരുകിലെ നിലങ്ങൾ നികത്തുകയാണ്. മണ്ണെടുത്തിട്ടും നിലം നികത്തിയിട്ടും അധികൃതർക്ക് അനക്കമില്ല. നഗര പരിധിയിൽ തന്നെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് വ്യാപകമായി മണ്ണെടുക്കാൻ അനുമതി നല്കിയിട്ടുണ്ട്. അനുമതി നല്കിയതിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തിയാലും പൊലീസിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന ആരോപണവും ശക്തമാണ്. വീട് വയ്ക്കാനെന്ന വ്യാജേന അഞ്ചു സെന്റിൽ മണ്ണെടുക്കാൻ അനുമതി വാങ്ങിയ ശേഷം അതിന്റെ മറവിൽ ഒരേക്കറിലധികം മണ്ണ് കടത്തികൊണ്ട് പോവുകയാണ് ചെയ്യുന്നത്. എന്നാൽ അനുമതിയിൽ കൂടുതൽ മണ്ണെടുത്തിട്ടുണ്ടോയെന്ന് ജിയോളജി വകുപ്പ് അധികൃതർ പരിശോധിക്കാറില്ല. വീട് വച്ചിട്ടുണ്ടോയെന്ന പരിശോധനയും നടത്താറില്ല. അനുമതി നല്കുന്നത് വരെയേ തങ്ങൾക്ക് ബന്ധമുള്ളൂ എന്ന നിലയിലാണ് ജിയോളജി വകുപ്പ് അധികൃതരുടെ പെരുമാറ്റം. മണ്ണെടുപ്പ് മാഫിയാ സംഘം ഈ വകുപ്പിന്റെ അയഞ്ഞ നിലപാട് മുതലെടുക്കുകയാണ്.

പരിശോധനയില്ലെന്ന് പരാതി

വസ്തുവിൽ നിന്ന് മണ്ണെടുക്കുന്നതിന് ലോഡ് കണക്കിനെന്നത് മാറ്റി മെട്രിക് ടെൺ എന്ന രീതിയിലാക്കി. അതിനാൽ പൊലീസ് റവന്യൂ വിഭാഗങ്ങൾക്ക് പ്രാഥമിക പരിശോധന നടത്തി കൂടുതൽ മണ്ണ് കടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. വീടുവയ്ക്കുന്ന ആവശ്യത്തിന് പുറമെ വ്യാവസായിക ആവശ്യത്തിനെന്നപേരിൽ പെർമിറ്റ് സംഘടിപ്പിക്കുന്നുണ്ട്. നൂറ് കണക്കിന് ലോഡ് മണ്ണ് നീക്കം ചെയ്യും. ഇങ്ങനെ മണ്ണെടുക്കുന്ന ഭൂമിയിൽ വ്യവസായം വരുന്നുണ്ടോ എന്ന പരിശോധനയില്ല. മണ്ണടുത്ത് ഒരു വർഷത്തിനു ശേഷം നിർമ്മാണം തുടങ്ങിയില്ലങ്കിൽ നടപടി സ്വീകരിക്കാം. പക്ഷേ നിലവിൽ പരിശോധനയുമില്ല,​ നടപടിയുമില്ല.

മണ്ണെടുപ്പിനെതിരെ വ്യാപക പ്രതിഷേധം

നഗരസഭ രണ്ടാം വാർഡിലെ മണ്ണെടുപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. നഗരസഭാ രണ്ടാം വാർഡിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങൾ ഉണ്ട്. ഇവിടാണ് ദിവസങ്ങളായി മണ്ണെടുപ്പ് നടക്കുന്നത്. നഗരസഭയിലെ 28 വാർഡുകളുടെ അതിർത്തിയിലൂടെ കടന്ന് പോകുന്ന റോഡിൽ മണ്ണെടുക്കാൻ അതിരാവിലെ മുപ്പത്തഞ്ചോളം ടിപ്പറുകളാണ് കാത്ത് കിടക്കുന്നത്. പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതിയുണ്ട്. മണ്ണ് കയറ്റിയ ശേഷം അമിത വേഗതയിൽ പോകുന്ന ടിപ്പർ ലോറികൾ അപകട ഭീഷണി ഉയർത്തുന്നുണ്ട്. പ്രഭാത സവാരിക്കാരും ഭീതിയിലാണ്. ടിപ്പറുമായി വൻ മണ്ണ് മാഫിയാ സംഘം പ്രദേശത്ത് തമ്പടിക്കുന്നത് നാട്ടുകാരിൽ ഭീതി ജനിപ്പിക്കുന്നു.