വള്ളിക്കോട് : സംരക്ഷണ ഭിത്തി തകർന്നതിനെ തുടർന്ന് അറ്റകുറ്റപ്പണി തുടങ്ങിയ വള്ളിക്കോട് മൂഴി പാലത്തിൽ ഭാരം കയറ്റിൽ വാഹനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ പാലത്തിന്റെ ഒരു ഭാഗത്തുകൂടി മാത്രമാണ് ഇപ്പോൾ ഗതാഗതം അനുവദിച്ചിരിക്കുന്നത്. തിരക്കേറിയ റോഡിൽ ഇത് ഗാതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. സംരക്ഷണ ഭിത്തിയുടെ തകർന്ന കൽകെട്ട് പുനർ നിർമ്മിക്കുന്ന ജോലികളാണ് ആരംഭിച്ചിരിക്കുന്നത്. ഭാരം കയറ്റിയ വാഹനങ്ങൾ ഇതുവഴി കടന്നുപോയാൽ കൽകെട്ട് വീണ്ടും ഇരുത്താൻ സാദ്ധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ വാഹനങ്ങൾ തിരിച്ചുവിടാൻ ബഥൽ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഭാരം കയറ്റിയ വാഹനങ്ങൾ ഉൾപ്പടെ ഇന്നലെയും പാലത്തിലൂടെയാണ് കടന്നുപോയത്. ഇത് വൻ അപകട ഭീഷണിയാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ നിയന്ത്രണം കൂടുതൽ കർശനമാക്കും.
വാഹനങ്ങൾ വഴി തിരിച്ചുവിടാൻ ബഥൽ സംവിധാനമില്ല
കോന്നി - ചന്ദനപ്പള്ളി റോഡിൽ താഴൂർ കടവിനും ദീപാ ജംഗ്ഷനും ഇടയിൽ വലിയ തോടിന് കുറുകയാണ് മൂഴി പാലം സ്ഥിതി ചെയ്യുന്നത്. സെപ്തംബർ 24 നാണ് പാലത്തിന്റെ സംരക്ഷണ ഭിത്തി തകർന്ന് തോട്ടിലേക്ക് പതിച്ചത്. ഭാരം കയറ്റിയ ടോറസും ടിപ്പർ ലോറികളും ഉൾപ്പടെയുള്ള വാഹനങ്ങൾ നിരന്തരം കടന്നു പോകുന്ന തിരക്കേറിയ റോഡാണിത്. എന്നാൽ വാഹനങ്ങൾ വഴി തിരിച്ചുവിടാൻ ബഥൽ സംവിധാനങ്ങൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പണി പൂർത്തിയാകുന്നതു വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കാൻ കഴിയില്ല. പ്രദേശത്തെ മറ്റ് റോഡുകൾ ഗതാഗത യോഗ്യമല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന മൂഴിക്കടവ് - മായാലിൽ റോഡ്, അക്കാളുമുക്ക് - പുത്തൻചന്ത റോഡ് എന്നിവ പൂർണമായും തകർന്ന നിലയിലാണ്. പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകൾ ചേർന്ന പ്രദേശമാണിത്. കോന്നിയിൽ നിന്ന് എത്തുന്ന വലിയ വാഹനങ്ങൾക്ക് വാഴമുട്ടം - മുള്ളനിക്കാട് -ഓമല്ലൂർ വഴി ചന്ദനപ്പള്ളിയിലേക്കും ചന്ദനപ്പള്ളിയിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്ക് വള്ളിക്കോട് -വി. കോട്ടയം -വകയാർ വഴി കോന്നിലേക്കും എത്താൻ കഴിയുമെങ്കിലും കിലോമീറ്ററുകൾ അധികമായി സഞ്ചരിക്കേണ്ടി വരും.