ഏഴംകുളം: കിണറ്റിൽ വീണ സ്ത്രീയെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. അറുകാലിക്കൽ പടിഞ്ഞാറ് പരുത്തിപ്പാറ പൊലീസ് ക്യാമ്പിന് സമീപം സതീഷ് ഭവനത്തിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ വാസന്തി (65) ആണ് സ്വന്തം പറമ്പിലെ ഇരുപത്തിയഞ്ച് അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ ആയിരുന്നു സംഭവം. മകൻ സതീഷ് കുമാറും അയൽവാസിയും ചേർന്ന് കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് വെള്ളത്തിൽ മുങ്ങാതെ പിടിച്ചു നിറുത്തുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ റജി കുമാറിന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘം എത്തിയാണ് കരയ്ക്കെത്തിച്ചത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.