 
തിരുവല്ല: വെള്ളക്കെട്ടിൽ മുങ്ങിയ ചാത്തങ്കരി തോണിക്കടവ് - ഹെൽത്ത് സെന്റർ റോഡ് വള്ളം ഇറക്കാവുന്ന സ്ഥിതിയിലായി. ഏറെക്കാലമായി തകർന്ന് കിടക്കുന്ന റോഡിലൂടെ ദുരിതയാത്ര ചെയ്ത് ജനങ്ങൾ മടുത്തു. റോഡ് വികസനത്തിനായി നിരവധി ഫണ്ടുകൾ ഉണ്ടായിട്ടും പെരിങ്ങര പഞ്ചായത്ത് 13 -ാം വാർഡിലെ ഈ ഗ്രാമീണ പാതയുടെ ഗതികേട് മാറുന്നില്ല. നെടുമ്പ്രം - പെരിങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. കോൺക്രീറ്റ് ചെയ്ത നെടുമ്പ്രം ഭാഗം ഭേദപ്പെട്ട നിലയിലാണ്. പെരിങ്ങര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡിന്റെ പലഭാഗത്തും കുണ്ടും കുഴിയും വെള്ളവും നിറഞ്ഞു കിടക്കുകയാണ്. പ്രദേശവാസികളുടെ ഏക ആശ്രയമായ ചാത്തങ്കരി കുടുംബാരോഗ്യ കേന്ദ്രം, സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാല, ക്ഷേത്രങ്ങൾ എന്നിവയെല്ലാം ഈ റോഡരുകിലാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് നിന്നുള്ള ഏക വഴിയാണിത്. ഇതുകാരണം നിത്യവും ഈ റോഡിനെ ആശ്രയിക്കുന്നത് നൂറുകണക്കിന് ആളുകളാണ്. മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ ദുരിതവഴി താണ്ടി സഹിച്ചു കഴിയുകയാണ് പ്രദേശവാസികൾ. തോണിക്കടവിന് സമീപത്തെ കലുങ്ക് വർഷങ്ങൾക്ക് മുമ്പ് തകർന്നതും ഇതുവരെ പുനർനിർമ്മിച്ചിട്ടില്ല. ഇതുമൂലം മഴ പെയ്താൽ റോഡിലാകെ വെള്ളം നിറയും. മരച്ചില്ലകൾ കാരണം പകൽനേരത്തും റോഡിൽ വെളിച്ചവും കുറവാണ്.
നെടുമ്പ്രം - പെരിങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ്
.......................
റോഡിലെ മരച്ചില്ലകൾ മുറിച്ചു നീക്കാത്തതും റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നു. മഴക്കാലത്ത് വെള്ളത്തിൽ മുങ്ങിപ്പോകുന്ന റോഡ് ഉയർത്തി വികസിപ്പിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം
(നാട്ടുകാർ)