 
റാന്നി : തരിശുഭൂമി ഏറ്റെടുത്ത് കൃഷിയോഗ്യമാക്കാനുള്ള പദ്ധതികളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് റാന്നി അങ്ങാടി ഗ്രാമ പഞ്ചായത്ത്. കൃഷി ഭവന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഏക്കർ കണക്കിന് ഭൂമിയാണ് പഞ്ചായത്തിന്റ വിവധ വാർഡുകളിലായി തരിശ് കിടന്നിരുന്നത് . വിളനാശം, കാട്ടുപന്നി ശല്യം ,ഉല്പന്നങ്ങളുടെ വിലയിടിവ് , തൊഴിലാളികളുടെ ക്ഷാമം എന്നിവ പഞ്ചായത്തിലെ കാർഷികമേഖലയെ പിന്നിലാക്കിയിരുന്നു. ഇതിന് മാറ്റം വരുത്തുന്നതിനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്. സ്ത്രീകളുടെ സംഘശക്തിയുടെ പിൻബലവും പരിശ്രമവും കൂട്ടിയോജിപ്പിച്ച് വിഷരഹിതമായ കാർഷിക ഉല്പന്നങ്ങൾ നാട്ടുകാരിൽ എത്തിക്കാൻ ശ്രമിക്കുകയാണ് പഞ്ചായത്ത് അധികൃതർ.
തരിശുരഹിത പഞ്ചായത്ത് ലക്ഷ്യമാക്കി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകരെ കൃഷിയിലേക്ക് ആകർഷിക്കാൻ നടത്തിയ ശ്രമങ്ങൾ ഫലം കാണുകയായിരുന്നു. തരിശായി കിടന്ന 12ഏക്കറോളം സ്ഥലത്താണിപ്പോൾ പുതുതായി കൃഷി ആരംഭിച്ചത്. ഇനിയും 14 ഏക്കറോളം സ്ഥലത്ത് കൂടി വനിതകളുടെ കൂട്ടായ്മകളുട നേതൃത്വത്തിൽ കൃഷി ആരംഭിക്കാൻ നടപടിയും തുടങ്ങി.
കൃഷി തുടങ്ങിയ തരിശുനിലം : 12 ഏക്കർ
ഉടൻ കൃഷി തുടങ്ങുന്ന തരിശുനിലം : 14 ഏക്കർ
12 ഏക്കർ തരിശ് രഹിതമായപ്പോൾ 138 തൊഴിലാളികൾക്ക് പണിലഭിച്ചു.
ഇവർക്കായി 2.33 കോടി രൂപയുടെ എസ്റ്റിമേറ്റിനും തൊഴിൽ ഉറപ്പ് പദ്ധതിയിൽ അംഗീകാരം ലഭിക്കുകയുണ്ടായി.
25 ഏക്കറോളം കൃഷി ആരംഭിക്കുമ്പോൾ 250 തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. സംഘകൃഷി നടത്തുന്നവർക്കായി അടുത്ത ദിവസം കൃഷിഭവന്റെ സഹകരണത്തോടെ കാർഷികസെമിനാറും നടത്തും.
12 ഏക്കറിലെ കൃഷികൾക്കായി പഞ്ചായത്തിലെ മഹാത്മാ തൊഴിൽ ഉറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി 7395 തൊഴിൽ ദിനങ്ങൾ അനുവദിച്ചു.
ബിന്ദു റെജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കൃഷിയിടം സന്ദർശിച്ചു
പഞ്ചായത്തിലെ 6, 8 വാർഡുകളിലെ ശക്തി,കൃപ എന്നീ സംഘങ്ങളുടെ നേതൃത്വത്തിലുള്ള കൃഷിയിടം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സന്ദർശിച്ചു. ഇവിടെ 4 ഏക്കറോളം സ്ഥലത്ത് ഏത്തവാഴ കൃഷിയാണ് നടത്തിയിരുന്നത്. ഇവർക്കായി പുതിയ പച്ചക്കറി തൈകളും വിതരണംചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ് ബിന്ദുറെജി ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ ബിച്ചു ആഡ്രൂസ്, ഏലിയാമ്മ ഷാജി, ജവിൻ കെ.വിത്സൺ, ജലജാ രാജേന്ദ്രൻ, ഷൈനി മാത്യൂസ് എന്നിവർ സംസാരിച്ചു.