കൊടുമൺ : മഠത്തിൽപ്പടി പാലം പുനർനിർമ്മിക്കുന്നത് കാത്തിരിക്കുകയാണ് നാട്ടുകാർ. 2018 ൽ തകർന്ന ഇൗ നടപ്പാലത്തെക്കുറിച്ച് പക്ഷേ അധികൃതർക്ക് മിണ്ടാട്ടമില്ല. പഞ്ചായത്തിലെ എട്ട്, പതിനൊന്ന് വാർഡുകളെ ബന്ധിപ്പിക്കുന്നതായിരുന്നു പാലം. അങ്ങാടിക്കലിനെയും കൊടുമണ്ണിനെയും വേർതിരിക്കുന്ന കുളത്തിനാൽ - അധികാരത്തിൽപ്പടി വലിയതോട്ടിൽ, നാക്കാലിക്കൽ പാലത്തിന് താഴെ വലിയതോട് ചേരുന്ന കൊറ്റംകുന്ന് - മഠത്തിൽപ്പടി കൈത്തോടിന് കുറുകെയായിരുന്നു പാലം. പാലം തകർന്നതോടെ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചുവേണം നാട്ടുകാർക്ക് ചാലപ്പറമ്പ്, ചന്ദനപ്പള്ളി എന്നിവിടങ്ങളിലെത്താൻ.
നല്ല ആഴവും ശക്തമായ നീരൊഴുക്കുമുള്ളതിനാൽ തോട്ടിൽ ഇറങ്ങിക്കയറുക ദുഷ്കരമാണ്.
നാക്കാലിക്കൽപാലം കയറി റേഷൻകട മുക്കിലെത്തിയാണ് ഇപ്പോൾ നാട്ടുകാർ ചാലപറമ്പിലും കൊടുമണ്ണിലും എത്തുന്നത്. മഠത്തിൽപ്പടിപാലം പുനസ്ഥാപിച്ചാൽ നേരിട്ട് ചാലപ്പറമ്പിലെത്താനാകും.
എട്ടാം വാർഡിലെ ചാലപ്പറമ്പ് - ഇളപ്പുങ്കൽപ്പടി - നാക്കാലിക്കൽ പാലം റോഡ് പൂർണമായും സഞ്ചായോഗ്യമാക്കണമെന്നും ആവശ്യമുണ്ട്. പരാതികളെ തുടർന്ന് നാല് റീച്ചുകളായി ചാലപ്പറമ്പ് മുതൽ ഇളപ്പുങ്കൽപ്പടി വരെ വിവിധ വർഷങ്ങളിലായി 300 മീറ്ററോളം ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു. ഇളപ്പുങ്കൽപ്പടി മുതൽ നാക്കാലിക്കൽപ്പാലം വരെയും മഠത്തിൽപ്പടിവരെയും പണി പൂർത്തീകരിക്കാനുണ്ട്.
തകർന്നത് പ്രളയത്തിൽ
വലിയതോടിന്റെ വീതിയും ആഴവും വർദ്ധിപ്പിച്ചതോടെ പാലത്തിന് അടിയിലുള്ള മണലും ചെളിയും ഇളകിയിരുന്നു,. തുടർന്നാണ് 2018 ൽ പ്രളയമുണ്ടായത്. കുത്തൊഴുക്കിൽ അടിത്തറ ഇളകി പാലം തകർന്ന് തോട്ടിൽ വീഴുകയായിരുന്നു.
ദേവാലയങ്ങൾ, ചന്ദനപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം, അങ്ങാടിക്കൽ വടക്ക് ആയൂർവേദാശുപത്രി, അറന്തകുളങ്ങര സ്കൂൾ, ചാലപ്പറമ്പ് സർവീസ് സഹകരണ ബാങ്ക്, കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ഇതുവഴിയാണ് പോകുന്നത്. ചാലപ്പറമ്പ് കായലുകണ്ണമ്പള്ളി ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കാവിലെഴുന്നെള്ളത്തും ഇതുവഴിയാണ് പോകുന്നത്. നാട്ടുകാർ കമുകും മുളയും ഉപയോഗിച്ച് താത്കാലിക സംവിധാനം ഒരുക്കിയാണ് എഴുന്നെള്ളത്തിന് സൗകര്യമൊരുക്കുന്നത്.
-----------
പുതിയ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിരവധി തവണ നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയുമില്ല. ഇക്കാര്യത്തിൽ ഇനിയെങ്കിലും ബന്ധപ്പെട്ടവർ കണ്ണുതുറക്കണം.
സി. ആർ. പീതാംബരൻ,
ചാലപ്പറമ്പ്.