ഓമല്ലൂർ : ഉഴുവത്ത് ദേവി ക്ഷേത്രത്തിന് സമീപം അച്ചൻകോവിലാറ്റിലെ ആറാട്ട് കടവിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി.
നെയ്യാറ്റിൻകര പുലകൾക്കോണം സ്വദേശി ജയപാലിനെയാണ് (46) ഇന്നലെ രാവിലെ മുതൽ കാണാതായത്. ഒന്നര വർഷമായി ഇവിടെ കരാറുകാരനോടൊപ്പം മേസ്തിരിപ്പണി ചെയ്യുകയായിരുന്നു. രാവിലെ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി വീണ് ഒഴുക്കിൽ പെട്ടതാകാമെന്ന് സംശയിക്കുന്നു. മൊബൈൽ ഫോണും വസ്ത്രങ്ങളും ചെരിപ്പും ഉൾപ്പെടെ കരയ്ക്ക് കണ്ടെത്തി.പത്തനംതിട്ട അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് ഉച്ചയ്ക്ക് 12 മുതൽ തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. മുങ്ങൽ വിദഗ്ധന്മാരായ ശ്രീകുമാർ,അനിൽ രാജ്, ഫയർ ഓഫീസർമാരായ സന്തോഷ് കുമാർ, നൗഷാദ്,ജിഷ്ണു, രഞ്ജിത്ത്, എന്നിവരും സ്കൂബാ ടീമിനോടൊപ്പം ഉണ്ടായിരുന്നു.വൈകിട്ട് ആറുമണിയോടെ തെരച്ചിൽ നിറുത്തി. ഇന്നും തെരച്ചിൽ തുടരുമെന്ന് ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വളവിനാൽ പറഞ്ഞു