പത്തനംതിട്ട : നഗരത്തിലെ മിക്ക പാതകളിലും കാടുകയറുകയാണ്. നടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ് റിംഗ് റോഡിൽ. കാടും പടർപ്പും റോഡിലേക്ക് പടർന്നുകിടക്കുന്നു. ഇഴജന്തുക്കളുടെ ശല്യം വലിയ രീതിയിൽ ഇവിടുണ്ട്. മുമ്പ് ബസ് സ്റ്റാൻഡിനടുത്തുള്ള റോഡിൽ പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു. കാടും പടർപ്പും കാരണം യാത്രക്കാർ റോഡിലേക്ക് കയറിയാണ് നടക്കുന്നത്. ഇത് യാത്രക്കാർക്കും വാഹനമോടിക്കുന്നവർക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
രാത്രികാലങ്ങളിൽ നടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. കാട്ടിലേക്ക് മാലിന്യം വലിച്ചെറിയാറുമുണ്ട്.
നഗരം പൂന്തോട്ടം പദ്ധതിക്കായി റിംഗ് റോഡരികിൽ നട്ടിരുന്ന ചെടികളിൽ ഭൂരിഭാഗവും നശിച്ചു. വളർന്ന ചെടികൾ പരിപാലനം ലഭിക്കാതെ കാടുകൾക്കിടയിലാണ്. കാടേത് ചെടിയേത് എന്ന് അറിയാത്ത സ്ഥിതിയാണ് .
സമീപ പ്രദേശങ്ങളിലെല്ലാം കാട്ടുപന്നി ശല്യം രൂക്ഷമായതിനാൽ കാട് വളരുംതോറും നഗരത്തിലും കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
പത്തനംതിട്ട നഗരത്തെ ചുറ്റുന്ന പ്രധാന റോഡാണ് റിംഗ് റോഡ്. അപകടകരമായ രീതിയിലാണ് റോഡിലേക്കും സമീപ പ്രദേശങ്ങളിലേക്കും കാട് വളർന്നിരിക്കുന്നത്. റോഡരികിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിലും നടപ്പാതകളിലും ട്രാൻസ് ഫോർമറുകളിലും വൈദ്യുതി പോസ്റ്റുകളിലുമെല്ലാം ഇത്തരത്തിൽ കാടും പടർപ്പും വളർന്നു പിടിച്ചിരിക്കുകയാണ്.
"വാഹനം പോകുമ്പോഴോ സൈഡ് കൊടുക്കുമ്പോഴോ ചെടികൾ വാഹനത്തിലേക്ക് വന്നടിക്കും. ചിലപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകും. ഇരുചക്ര വാഹനങ്ങളുടെ സ്റ്റാൻഡ് വള്ളി പടർപ്പുകളിൽ കുടുങ്ങി അപകടം സംഭവിക്കുന്നുണ്ട്. "
അജിത്ത്
(ഓട്ടോ റിക്ഷാ ഡ്രൈവർ)