പള്ളിക്കൽ : മൃതദേഹം മറവ് ചെയ്യാൻ ഇടമില്ലാതെ ലക്ഷം വീട് കോളനി നിവാസികൾ. പള്ളിക്കൽ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ലക്ഷം വീട് കോളനി. എം.എൻ ലക്ഷം വീട് പദ്ധതി പ്രകാരമാണ് നാല് സെന്റ് വസ്തുവും വീടും ലഭിച്ചത്. വീട് ഇരട്ട വീടുകളായിരുന്നു. 10 വീടുകളിൽ 20 കുടുംബങ്ങൾ താമസിച്ചു. ഒറ്റ വീടുകളായിട്ട് ഏതാനും വർഷമേ ആയുള്ളൂ. മരിച്ചാൽ കുഴിച്ചിടാൻ ഏക ആശ്രയം 30സെന്റ് വരുന്ന സർക്കാർ വക പുതുവൽ സ്ഥലമായിരുന്നു. 75 വർഷത്തിലധികമായി ഈ സ്ഥലത്താണ് ഇവിടെയുള്ളവർ മരിച്ചാൽ അടക്കം ചെയ്തിരുന്നത്. ഈ സ്ഥലത്താണ് പഞ്ചായത്ത് സാംസ്കാരിക കേന്ദ്രം പണിതത്. ഒന്നല്ല രണ്ട് സാംസ്ക്കാരിക കേന്ദ്രം. പണിത് ഇട്ടതല്ലാതെ പ്രവർത്തിക്കുന്നില്ല എന്നതാണ് രസകരം. ഒരു കെട്ടിടത്തിൽ ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള വിജ്ഞാൻവാടി എന്ന് ബോർഡ് വെച്ചിട്ടുണ്ട്. കമ്പ്യൂട്ടുകളും കുറെ പുസ്തകങ്ങളും അകത്തുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കമ്പ്യൂട്ടറും പുസ്തകങ്ങളും കൊണ്ടുവന്ന സമയത്ത് കുറച്ച് ദിവസം തുറന്നു . പിന്നെ പൂട്ടി. കഴിഞ്ഞ ദിവസം സി.പി.ഐ പള്ളിക്കൽ ലോക്കൽ കമ്മിറ്റി അസി.സെക്രട്ടറിയായിരുന്ന വി.ശിവരാജൻ പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് മരണപെട്ടു. മുതദേഹം സംസ്ക്കരിക്കാൻ ശിവരാജന്റെ വീട്ടുമുറ്റത്ത് സ്ഥലമില്ല.
നാട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ നിർമ്മാണം
സാംസ്കാരിക കേന്ദ്രത്തിന്റെ പുറകിൽ അല്പം സ്ഥലം കണ്ടെത്തി അവിടെയാണ് മൃതദേഹം സംസ്കരിച്ചത്. സാംസ്ക്കാരിക കേന്ദ്രം പണിയാൻ പദ്ധതിയിട്ടപ്പോഴെ കോളനിവാസികൾ എതിർപ്പ് ഉണ്ടയിരുന്നു.എന്നാൽ പഞ്ചായത്ത് അധികൃതർ ഇത് വകവച്ചില്ല. രണ്ടെണ്ണം പണിയുകയും ചെയ്തു. മുതദേഹം സംസ്ക്കരിക്കാൻ ഇടവുമില്ല. സംസ്കാരികകേന്ദ്രമുണ്ടോ അതും ഇല്ല എന്നതാണ് അവസ്ഥ. പള്ളിക്കൽ പഞ്ചാത്തിൽ പൊതു ശ്മശാനം വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. എല്ലാവർഷവും ശ്മശാനത്തിന് വസ്തു വാങ്ങാൻ ഫണ്ട് നീക്കിവയ്ക്കും.വസ്തുവാങ്ങൽ പലതടസങ്ങളിൽ പെട്ടു നീണ്ടുപോകുകയാണ്. മരിച്ചാൽ കുഴിച്ചിടാൻ ഇടമില്ലാത്ത ലക്ഷം വീട് കോളനിയിലെ ആളുകളുടെ അവസ്ഥക്ക് പരിഹാരംകാണാൻ സർക്കാർ സ്ഥലം കണ്ടെത്തി നൽകണമെന്നത് പൊതു ആവശ്യമാണ്.