waste
നെടുമ്പ്രം തിരുനെല്ലി റോഡിൽ കെട്ടിടാവശിഷ്ടങ്ങളും മാലിന്യങ്ങളും തള്ളിയനിലയിൽ

തിരുവല്ല: പൊതുവഴിയിൽ തള്ളിയ കെട്ടിട അവശിഷ്ടങ്ങളും ആശുപത്രി മാലിന്യങ്ങളും നാട്ടുകാർക്ക് ദുരിതമായി. നെടുമ്പ്രം പഞ്ചായത്ത് അഞ്ച്, ആറ് വാർഡുകളെ ബന്ധിപ്പിക്കുന്ന തിരുനെല്ലി റോഡിലാണ് പഞ്ചായത്ത് ഓഫീസ് വളപ്പിലെ പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പഴകിയ മാലിന്യങ്ങളും ഉൾപ്പെടെ തള്ളിയിരിക്കുന്നത്. കഴിഞ്ഞമാസം അവസാനം റോഡിലെ താഴ്ന്ന ഭാഗത്ത് തള്ളിയ മാലിന്യത്തിൽ നിന്നുള്ള രൂക്ഷദുർഗന്ധം വമിക്കുന്നത് സമീപവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ദുർഗന്ധം കാരണം കുട്ടികളുമായി പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. അങ്കണവാടിയിലേക്കുള്ള കുട്ടികൾ ഉൾപ്പെടെ പോകുന്ന വഴിയിൽ സിറിഞ്ച് നീഡിൽ, മരുന്നുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവയെല്ലാം യാത്രയ്ക്ക് ദുർഘടമായിരിക്കുകയാണ്. ഇവിടെ തള്ളിയ മാലിന്യങ്ങൾ റോഡിൽ നിരത്തിയശേഷം മുകളിൽ മണ്ണിട്ട് മൂടിയിരുന്നെങ്കിൽ നാട്ടുകാരുടെ ബുദ്ധിമുട്ട് ഒഴിവാകുമായിരുന്നു. ഉടനെ പരിഹാരം ഉണ്ടാക്കുമെന്ന് അധികൃതർ പറഞ്ഞതിനാൽ ദുർഗന്ധം സഹിച്ചു കഴിയുകയായിരുന്നു നാട്ടുകാർ. എന്നാൽ രണ്ടാഴ്ചയായിട്ടും മാലിന്യം നീക്കം ചെയ്യാതെ അതേപോലെ കിടക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. മഴയത്ത് മാലിന്യങ്ങൾ ഒഴുകിയെത്തി കിണർവെള്ളം മലിനമാകുമെന്നും നാട്ടുകാർ ഭയപ്പെടുന്നു. മാലിന്യ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.