manoj
കഴിഞ്ഞ വർഷത്തെ ഹരിവരാസന പുരസ്ക്കാര ജേതാവ് ആലപ്പി രംഗനാഥിന് ശബരിമലയിലെ വേദിയിൽ ഹസ്തദാനം നൽകുന്ന അഡ്വ. മനോജ് ചരളേൽ

ശബരിമല : തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പദവിയിലെത്തി ഒരുവർഷം തികയും മുൻപാണ് മനോജ് ചരളേലിന്റെ ജീവിതത്തിൽ നിന്നുള്ള മടക്കം.

2021 നവംബർ 15 നാണ് ദേവസ്വം ബോർഡ് മെമ്പറായി ചുമതലയേറ്റത്. ശാരീരിക അവശതകളെ മറന്ന് മനോജ് ചരളേൽ ശബരിമലയിലും ദേവസ്വം ബോർഡ് യോഗങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. കഴിഞ്ഞ മണ്ഡല - മകരവിളക്ക് സീസണിൽ നടതുറന്നപ്പോൾ മുതൽ ആദ്യന്തം പ്രധാന ചടങ്ങുകളിലെല്ലാം പങ്കെടുത്തു. മണ്ഡല പൂജാവേളയിലും മകരവിളക്ക് ദിവസം സംഗീത സംവിധായകൻ ആലപ്പിരംഗനാഥിന് ഹരിവരാസന പുരസ്കാരം നൽകുന്നതുൾപ്പെ‌ടെയുള്ള ചടങ്ങിലും ചരളേലിന്റെ സാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധേയമായിരുന്നു. ഒടുവിൽ വിഷുക്കണി ദർശനത്തിനും സന്നിധാനത്ത് എത്തി. പിന്നീട് രോഗം കലശലായതോടെ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സാമ്പത്തികം കണ്ടെത്തുന്നതിന് സി.പി.ഐ നേതൃത്വത്തിൽ ഫണ്ട് ശേഖരണം നടത്തുന്നതിനുള്ള പ്രവർത്തനം നടത്തിവരവേയാണ് ജീവൻ പൊലിഞ്ഞത്.