
പത്തനംതിട്ട: സി.പി.ഐ ജില്ലാ അസി.സെക്രട്ടറി, മണ്ഡലം സെക്രട്ടറി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി വിവിധ പദവികളിൽ ശോഭിച്ചയാളാണ് അന്തരിച്ച മനോജ് ചരളേൽ. എ.ഐ.എസ്.എഫിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹം സി.പി.എെയുടെ ചുമതലകൾ വഹിക്കുമ്പോഴും എല്ലാ വിഭാഗം ജനങ്ങളുമായി ഇടപഴകിയാണ് പ്രവർത്തിച്ചത്. പൊതുരംഗത്ത് സൗഹൃദം കാത്തുസൂക്ഷിച്ചു പോന്നു. ജന്മസിദ്ധമായി ലഭിച്ച നർമ്മം നിറഞ്ഞ സംഭാഷണം പല സൗഹൃദ കൂട്ടങ്ങളിലും ചിരിമഴ പെയ്യിച്ചു. പിരിമുറുക്കം നിറഞ്ഞ സന്ദർഭങ്ങൾ അലിഞ്ഞില്ലാതായത് മനോജ് ചരളേലിന്റെ സാന്നിദ്ധ്യം ഉണ്ടാകുമ്പോഴായിരുന്നു.
എ.ഐ.വൈ.എഫിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തി. വിദ്യാർത്ഥി - യുവജന പ്രസ്ഥാനത്തെ സ്നേഹിച്ച നേതാവായിരുന്നു മനോജ് ചരളേൽ. എ.ഐ.വൈ.എഫിന്റെ നേതൃസ്ഥാനത്ത് കുറെക്കാലം കൂടി തുടരാമായിരൂന്നെങ്കിലും പാർട്ടി ചുമതലകൾ ഏറ്റെടുക്കേണ്ടി വന്നതിനാൽ ഒഴിയുകയായിരുന്നു. സി.പി.ഐയുടെ യുവനേതാക്കളായ വി.എസ്.സുനിൽ കുമാർ, പി.പ്രസാദ് തുടങ്ങിയവർ എ.ഐ.എസ്.എഫ് സംസ്ഥാന ഭാരവാഹികളായിരുന്ന കാലത്തും പിന്നീട് പി എസ്.സുപാൽ, കെ.രാജൻ, ജി.കൃഷ്ണപ്രസാദ്, അഡ്വ.പ്രശാന്ത് രാജൻ തുടങ്ങിയവർ എ.ഐ.വൈ.എഫ് ഭാരവാഹികളായിരുന്ന കാലത്തും ഇവരോടൊപ്പം സംസ്ഥാന ഉപഭാരവാഹിയായി പ്രവർത്തിച്ചു. തിരുവനന്തപുരം ലോ കോളജിൽ എ.ഐ.എസ്.എഫിന്റെ നേതാവായിരുന്നു. കുട്ടികളുടെ ഏതുകാര്യവും പ്രിൻസിപ്പലോട് പറയുന്നത് മനോജ് ചരളേൽ മുഖാന്തിരമായിരുന്നു
എ.ഐ.എസ്.എഫ് - എ.ഐ.വൈ.എഫ് ഭാരവാഹിയായിരുന്ന കാലത്ത് സംഘടനാ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നുചരളേലിന്റേത്. സംഘടന പ്രവർത്തനവുമായി അദ്ദേഹം ജില്ലയിൽ ചെന്നെത്താത്ത സ്ഥലങ്ങളില്ല. സംഘടന പരിപാടികളിൽ വീഴ്ച വരുത്തുന്നവരെ സ്നേഹം കലർന്ന ഭാഷയിൽ ശാസിക്കാനും മടിച്ചിരുന്നില്ല. സംഘടനാപ്രവർത്തനങ്ങളിൽ മനോജ് ചരളേൽ പ്രവർത്തകരോടൊപ്പം സഞ്ചരിച്ചു.