ചെങ്ങന്നൂർ: നിർമ്മാണം പൂർത്തിയാക്കി ഒരു വർഷം തികയും മുൻപ് ഇടിഞ്ഞുതാണ പുത്തൻകാവ് പാലത്തിന്റെ അപ്രോച്ച് റോഡ് പുനർനിർമ്മിച്ചു. കഴിഞ്ഞ ഒക്ടോബർ 1ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സജി ചെറിയാൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരമാണ് അടിയന്തരപ്രാധാന്യത്തോടെ റോഡ് പുനർനിർമ്മിച്ചത്.
പാലംപണി പൂർത്തിയാക്കി വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെയാണ് അപ്രോച്ച് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴാൻ തുടങ്ങിയത്. ഇതോടെ പാലവും അപ്രോച്ച് റോഡും തമ്മിലുളള ഉയരവ്യത്യാസം കാരണം വാഹനങ്ങൾ പാലത്തിലേക്ക് ഇടിച്ചുകയറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. ഈ ഭാഗത്ത് വെളിച്ചക്കുറവുള്ളതിനാൽ ഡ്രൈവർമാർക്ക് രാത്രിയിൽ അപ്രോച്ച് റോഡിന്റെ അപകടാവസ്ഥ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. ഇടിഞ്ഞുതാണ അപ്രോച്ച് റോഡിനൊപ്പം പാലത്തിന്റെ മറുഭാഗത്ത് റോഡിൽ രൂപപ്പെട്ട കുഴികളും ഇന്നലെ ടാർചെയ്ത് അടച്ചു.
കഴിഞ്ഞ തീർത്ഥാടനകാലത്തിന് മുൻപ് നിർമ്മാണം പൂർത്തിയാക്കാൻ പദ്ധതിയിട്ടാണ് പാലം നിർമ്മാണം ആരംഭിച്ചത്. ഇടയ്ക്കിടെ ഉണ്ടായ വെളളപ്പൊക്കവും പ്രതികൂല കാലാവസ്ഥയും കാരണം പാലംപണി നീണ്ടുപോകുകയായിരുന്നു. നിർമ്മാണത്തിനിടെ വാട്ടർ അതോറിട്ടിയുടെ കുടിവെളളപൈപ്പ് പൊട്ടിയതും കാലതാമസത്തിന് മറ്റൊരുകാരണമായി. പ്രതിസന്ധികളെ തരണംചെയ്ത് ശബരിമല തീർത്ഥാടന കാലത്തിനുശേഷമാണ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു നൽകിയത്.
ഇടിഞ്ഞുതാണത് പരിപാലന കാലാവധി കഴിയും മുൻപ്
3.36 കോടി രൂപ ചെലവിൽ 15 മീറ്റർ നീളത്തിൽ ഒരു വശത്തു നടപ്പാത ഉൾപ്പെടെ 12.5 മീറ്റർ വീതിയിലാണ് പുതിയ പാലം നിർമ്മിച്ചത്. പരിപാലന കാലാവധി കഴിയും മുൻപാണ് പുത്തൻകാവ് പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താണത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ എം.എൽ.എയും പ്രശ്‌നത്തിൽ ഇടപെട്ടു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം കരാറുകാരനോട് സമയബന്ധിതതമായി നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇന്നലെ രാവിലെ ആരംഭിച്ച പണി വൈകിട്ട് 4നാണ് അവസാനിച്ചത്. മൂന്നു ലയറുകളിലായി ബിറ്റുമീൻസ് കോൺക്രീറ്റ് ഇട്ട് റോളർ ഉപയോഗിച്ച് ഉറപ്പിച്ചാണ് ശാസ്ത്രീയമായി റോഡ് പുനർനിർമ്മിച്ചതെന്ന് അസി. എൻജിനിയർ എസ്.പ്രശാന്ത് പറഞ്ഞു.