santhosh
പുനർനിർമ്മിക്കുന്ന സന്തോഷ് ടാക്കീസിന്റെ ഛായാചിത്രം

ചെങ്ങന്നൂർ: സി.ബി.എല്ലിനോടനുബന്ധിച്ച് നടത്തുന്ന സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ചെങ്ങന്നൂർ മുണ്ടൻകാവിലെ ഓലമേഞ്ഞ പഴയ സിനിമാകൊട്ടകയായ സന്തോഷ് ടാക്കിസും ഉണ്ടാകും. ഗൃഹാതുരത്വത്തിന്റെ സ്മരണകൾ ഉണർത്തുന്ന പഴയകാല കാഴ്ചകളിലേക്ക് പുതിയതലമുറയെയും കൂട്ടിക്കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് സിനിമാകൊട്ടക അതേപോലെ പുനരാവിഷ്‌കരിക്കുന്നത്. ടാക്കീസിന്റെ വെളളിത്തിരയിൽ പഴയകാല സിനിമകൾ ഈ മാസം 25മുതൽ 10ദിവസം പ്രദർശനത്തിനെത്തും. മാറ്റിനിയും ഫസ്റ്റ് ഷോയുമുൾപ്പടെ രണ്ടുകളികളാണ് നടത്തുന്നത്. തിയേറ്ററിന് സമീപം നാടൻ ചായക്കടയും മുറുക്കാൻ പീടികയും പുസ്തകക്കടയും വർത്തമാനത്തട്ടും പഴയകാല സിനിമാഉപകരണങ്ങളുടെ പ്രദർശനവും ഒരുക്കും. കേരള ചലച്ചിത്ര അക്കാഡമിയും ഫിലിം ഡെവലപ്‌മെന്റ് കോർപറേഷനും ചേർന്നാണ് സിനിമക്കൊട്ടക നടത്തുന്നത്.
മുതിർന്നവർക്ക് അവരുടെ പഴയകാല സിനിമാ സ്മരണകൾ അയവിറക്കുവാനും പുതു തലമുറയ്ക്ക് പഴയകാല സിനിമാവഴികൾ പരിചയപ്പെടാനുമുള്ള അവസരമുണ്ടാകും. ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയിയുടെ നേതൃത്വത്തിൽ, ചലച്ചിത്രമേള ഉൾപ്പെടെയുള്ള വിവിധ പരിപാടികളുടെ ഡിസൈനർ ഹൈലേഷും സംഘവും സ്ഥലത്തെത്തി അണിയറ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ചെങ്ങന്നൂർ പെരുമയിൽ പഴയകാലത്തെ അതേപടി അവതരിപ്പിക്കണമെന്ന സജി ചെറിയാൻ എം.എൽ.എയുടെ ഭാവനയാണ് ടാക്കീസിലൂടെ യാഥാർത്ഥ്യമാകുന്നത്.