കേന്ദ്ര ഏജൻസി മൂന്നുമാസത്തിനുളളിൽ ഡി.പി.ആർ തയ്യാറാക്കും
ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവെ സ്‌റ്റേഷൻ ഉൾപ്പടെ കേരളത്തിലെ ആറു റെയിൽവെ സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ കേന്ദ്ര ഏജൻസി എത്തുന്നു. നാഗപ്പൂർ ആസ്ഥാനമായ അക്‌സ്‌യക്കനൊ ക്യാപിറ്റൽ സർവീസിനാണ് ഡി.പി.ആർ തയ്യാറാക്കാനുള്ള ചുമതല. ഇവർ മൂന്ന് മാസത്തിനുള്ളിൽ പഠനം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കും. ഡി.പി.ആർ തയ്യാറാക്കാൻ 45ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. റെയിൽ ഡവലപ്പ് മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് നടപടി പുരോഗമിക്കുന്നത്. ചെങ്ങന്നൂരിന് പുറമെ തിരുവനന്തപുരം,കൊല്ലം,എറണാകുളം ജംഗ്ഷൻ,എറണാകുളം സെന്റർ, തൃശൂർ, കോഴിക്കോട് തുടങ്ങിയവയാണ് അന്തർദേശിയ നിലവാരത്തിലേക്ക് മാറാൻ ഒരുങ്ങുന്ന മറ്റ് സ്റ്റേഷനുകൾ. കേരളത്തിൽ രണ്ടാം ഘട്ടമായാണ് തൃശൂർ, ചെങ്ങന്നൂർ സ്റ്റേഷനുകൾ മെച്ചപ്പെടുത്തുന്നതിന് അംഗീകാരം ലഭിച്ചത്.
പഠനത്തിന് മൂന്ന് മാസം
ലോകോത്തര നിലവാരത്തിലേക്ക് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഉയർത്തുന്നതിന്റെ പ്രാരംഭ നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശബരിമല അടക്കം പരിഗണിച്ചാണ് ചെങ്ങന്നൂരിന് ഈ നേട്ടം കൈവന്നത്. ഇതിന്റെ ഭാഗമായി ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. പദ്ധതിയുടെ ഡി.പി.ആർ തയാറാക്കുന്നതിനുള്ള ഏജൻസികൾക്കായുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.
അത്യാധുനിക സംവിധാനം
അത്യാധുനിക സംവിധാനമാണ് ചെങ്ങന്നൂരിൽ ഒരുങ്ങുന്നത്. ലോകോത്തരമായ ശുചിമുറികൾ, ശുചീകരണ സംവിധാനം, കഫറ്റീരിയകൾ, വിനോദ സൗകര്യങ്ങൾ എന്നിവയ്‌ക്കൊപ്പം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കും. റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് വിശ്രമിക്കാനും സൗകര്യമുണ്ടാകും. കൂടുതൽ റെസ്‌റോറന്റുകളും ഭക്ഷണം കഴിക്കാനുള്ള ഇടങ്ങളും ഒരുക്കും. കൂടുതൽ ടിക്കറ്റ് കൗണ്ടറുകളും തയ്യാറാക്കും. നവീകരിക്കുന്ന സ്റ്റേഷനുകളുടെ ശുചിത്വം ഉറപ്പാക്കും. കുട്ടികൾക്ക് സുരക്ഷിതമായി വിനോദങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യവും മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേക മുറികളോട് കൂടിയ സൗകര്യവും ഉണ്ടാകും.