ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർക്കു മായം കലർത്തിയ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതായി താലൂക്ക് വികസനസമിതി യോഗത്തിൽ പരാതി. കർശന പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ ഓഫീസർക്കു യോഗം നിർദ്ദേശം നൽകി. പാണ്ടനാട് പുല്ലാം തോട് കുളിക്കടവ് പുനർനിർമ്മിക്കുന്നതിനായി 18 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരം നൽകുന്നതിനായി എക്‌സിക്യൂട്ടീവ് എൻജിനീയർക്കു സമർപ്പിച്ചതായി ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ യോഗത്തിൽ അറിയിച്ചു. പുല്ലാം തോടിൽ പാലം മുതൽ വിസിബി വരെ 36 മീറ്ററും വിസിബിക്കു ശേഷം ഇരുവശങ്ങളിലായി 200 മീറ്ററും സംരക്ഷണ ഭിത്തി കെട്ടുന്നതിനായി 76 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി മേൽ നടപടികൾക്കായി സമർപ്പിച്ചിട്ടുള്ളതായി ചെങ്ങന്നൂർ മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തഹസിൽദാർ എം.ബിജുകുമാർ, തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി.സജൻ ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ, എം.പിയുടെ പ്രതിനിധി ജയിംസ് പടിപ്പുരയ്ക്കൽ, എം.എൽ.എയുടെ പ്രതിനിധി ബി.റജിമോൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കരുണാകരൻ, പി.ജി മുരുകൻ, ഗിരീഷ് ഇലഞ്ഞിമേൽ എം.ആനന്ദൻ പിള്ള, ടിറ്റി എം.വർഗീസ്,ജെ.ഡി.എസ് പ്രസാദ് എന്നിവർ പങ്കെടുത്തു.