ചെങ്ങന്നൂർ: 400 കോടി ചെലവിട്ട എം.സി റോഡിലെ കഴക്കൂട്ടം-ചെങ്ങന്നൂർ സുരക്ഷാ ഇടനാഴി നിർമ്മാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഈ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അശാസ്ത്രീയ നിർമ്മാണം മൂലം അപകടങ്ങൾ തുടരുകയാണെന്നും പലരുടെയും ജീവൻ നഷ്ടപ്പെട്ടെന്നും എം.പി പറഞ്ഞു. നാറ്റ്പാക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ടി.പിയാണു നിർമ്മാണം നടത്തിയത്. നാറ്റ്പാക്കിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടു. ചെങ്ങന്നൂർ ആഞ്ഞിലിമൂട് ഉൾപ്പെടെയുള്ള ബ്ലാക്ക് സ്‌പോട്ടുകളിൽ അപകടങ്ങൾ തുടർക്കഥയാണ്. അടൂരിനും പന്തളത്തിനും ഇടയിലും അടൂരിനും ഏനാത്തിനും ഇടയിലും അപകടങ്ങൾ പതിവായി നടക്കുന്നു. ഏനാത്ത് പാലം മുതൽ വാളകം വരെയുള്ള ഭാഗത്ത് കഴിഞ്ഞ 6 മാസത്തിനിടെ 40 പേരാണ് അപകടങ്ങളിൽ മരിച്ചത്. സുരക്ഷാ നടനാഴിയുടെ നിർമ്മാണം കൊണ്ട് പ്രയോജനവും ഉണ്ടായില്ല. കെ.എസ്.ടി.പി കരാറുകാർ നാറ്റ്പാക് എന്നിവർ ചേർന്നു വൻ അഴിമതി നടത്തി. ക്രമക്കേട് സംബന്ധിച്ചു സി.ബി.ഐ അന്വേഷണം നടത്തണമെന്നും എം. പി ആവശ്യപ്പെട്ടു