പത്തനംതിട്ട: ടാറിംഗിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി വയ്യാറ്റുപുഴ ആനപ്പാറയിൽ റോഡ് പുനരുദ്ധാരണം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. തകർന്നു കിടക്കുന്ന ചിറ്റാർവയ്യാറ്റുപുഴ റോഡ് പുനരുദ്ധാരണമാണ് പഞ്ചായത്ത് അംഗം ജിഗേഷ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ശേഷം രണ്ട് വരെ തടഞ്ഞത്. 25 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നടത്തുന്ന പുനരുദ്ധാരണ പ്രവൃത്തികളിൽ ടാർ ഒഴിക്കാതെ ടാറിംഗ് നടക്കുന്നതിനിടയിലാണ് പഞ്ചായത്ത് അംഗം സ്ഥലത്തെത്തുന്നത്. കോൺട്രാക്ടറോട് നേരിട്ട്സ കാര്യം പറയുകയും ചെയ്തിരുന്നു. തുടർന്ന് നടപടി ഉണ്ടാകാതായതോടെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ എത്തിയിട്ട് ജോലി തുടർന്നാൽ മതിയെന്ന നിലപാടിലേക്ക് ജിഗേഷും നാട്ടുകാരും എത്തി. വിവരം അറിഞ്ഞ് പൊതുമരാമത്ത് അസി.എൻജിനീയറും ചിറ്റാർ സി.ഐ രാജേന്ദ്രൻ പിള്ളയും സ്ഥലത്തെത്തി. പൊതുമരാമത്ത് അസി.എൻജിനീയർ നടത്തിയ പരിശോധനയിൽ നാട്ടുകാരുടെ ആക്ഷേപം ശരിയാണെന്ന് വ്യക്തമായി. തുടർന്ന് നിർമ്മാണം നടത്തി തകർന്ന ഭാഗം വീണ്ടും ടാർ ചെയ്ത ശേഷം പണി തുടർന്നാൽ മതിയെന്ന് തീരുമാനിച്ചു. ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കൽ, പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് എ.ബഷീർ ചിറ്റാർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവി കണ്ടത്തിൽ, ബ്ലോക്ക് മെമ്പർ നബീസത്ത് ബീവി, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സുനിൽ പേഴും കാട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.