 
കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ വികസനവുമായി ബന്ധപ്പെട്ട പണികൾ നീളുന്നതോടെ കോന്നി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കോന്നി സെൻട്രൽ ജംഗ്ഷൻ മുതൽ ഏലിയറയ്ക്കൽ വരെയുള്ള ഭാഗങ്ങളിലാണ് ഗതാഗതക്കുരുക്കും പൊടി ശല്യവും കൂടുതൽ. പൊടിശല്യം കുറയ്ക്കാൻ ഇടയ്ക്ക് വെള്ളം തളിക്കുന്നുണ്ടെങ്കിലും പരിഹാരമാകുന്നില്ല. കോന്നി സെൻട്രൽ ജംഗ്ഷനിൽ കലുങ്കിന്റെ പണികൾ നടക്കുന്നതാണ് ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കുന്നത്. കോന്നി - പത്തനംതിട്ട റോഡിലും കോന്നി - തണ്ണിത്തോട് റോഡിലും കോന്നി -പത്തനാപുരം റോഡിലും കോന്നി - ചന്ദനപ്പള്ളി റോഡിലും വാഹങ്ങളുടെ നീണ്ട നിരയാണ് പലപ്പോഴും സംസ്ഥാന പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി കലുങ്കുകൾ ഓടകൾ പാലങ്ങൾ എന്നിവയുടെ പണികൾ നീളുന്നതാണ് ഗതാഗത കുരുക്കിന് കാരണം. നിർമ്മാണ കമ്പനിക്ക് കാലവധി നീട്ടി നൽകിയതിനാൽ നിർമ്മാണ പ്രവർത്തനങ്ങളും ഇഴയുകയാണ്. വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറുവാനായി ഓടകൾക്ക് മുകളിൽ സ്ളാബ് ഇട്ടിരിക്കുന്നതിനാൽ പലരും കടകളിലേക്ക് കയറാൻ ബുദ്ധിമുട്ടുന്നുണ്ട്. പൊടിശല്യം വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടായി മാറുകയാണ്. റീജണൽ കോ- ഓപ്പറേറ്റീവ് ബാങ്കിന് മുൻ ഭാഗം വരെ ടാറിംഗ് നടത്തിയെങ്കിലും ബാക്കിയുള്ള ഭാഗത്തു ടാറിംഗ് തുടങ്ങിയിട്ടില്ല. ശബരിമല സീസൺ തുടങ്ങാറായിട്ടും സെൻട്രൽ ജംഗ്ഷനിലെ പണികൾ പൂർത്തിയായിട്ടില്ല. ഇവിടെ ശബരിമല തീർത്ഥാടകർക്കായി ഇവിടെ എല്ലാ വർഷവും ഇൻഫർമേഷൻ സെന്റർ ക്രമീകരിക്കാറുണ്ട്. സെൻട്രൽ ജംഗ്ഷനിലെ പണികൾ നീളുന്നതിനാൽ ഇതിനും തടസമുണ്ടാവാൻ സാദ്ധ്യതയുണ്ട്. ടൗണിലെ പണികൾ വേഗത്തിൽ തീർക്കാൻ കെ.എസ്. ടി. പി ഉദ്യോഗസ്ഥർക്ക് താലൂക്ക് വികസന സമിതിയിൽ നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും പണികൾ ഇഴയുകയാണ്. മാരൂർ പാലം വകയാർ കരിക്കുടുക്ക എന്നിവിടങ്ങളിൽ പാലങ്ങളുടെ പണികൾ നടക്കുന്നുണ്ട്. അധികൃതർ ഇടപെട്ട് റോഡു പണി എത്രയും വേഗം പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
ശബരിമല സീസൺ തുടങ്ങാറായിട്ടും സെൻട്രൽ ജംഗ്ഷനിലെ പണികൾ പൂർത്തിയാവാത്തത് ശബരിമല തീർത്ഥാടകർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടാവുന്നു.
എം.എ.ബഷീർ
(പൊതുപ്രവർത്തകൻ )