തിരുവല്ല: കൊവിഡ് മഹാമാരിയെ തുടർന്ന് രണ്ടു വർഷമായി മുടങ്ങിക്കിടന്നിരുന്ന വിദ്യാഭ്യാസ മേളകൾക്ക് ഇന്ന് തുടക്കമാകും. തിരുവല്ല വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേളയായ "ശാസ്ത്രോത്സവം ഇന്നും നാളെയുമായി തിരുമൂലപുരത്തെ സ്‌കൂളുകളിലാണ് നടക്കുന്നത്. വിവിധ ഇനങ്ങളിലായി ഉപജില്ലയിലെ 1500ലധികം കുട്ടികൾ പങ്കെടുക്കും. ഇന്ന് രാവിലെ 9.30ന് ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ കരിമ്പിൻകാല അദ്ധ്യക്ഷത വഹിക്കും. ശാസ്ത്ര, ഗണിതശാസ്ത്ര മേളകളാണ് ഇന്ന് നടക്കുന്നത്. ശാസ്ത്രമേള ഇരുവള്ളിപ്ര സെന്റ് തോമസ് സ്‌കൂളിലും ഗണിത ശാസ്ത്രമേള ബാലികാമഠം എച്ച്.എസ്.എസിലുമാണ് നടക്കുക. നാളെ പ്രവർത്തി പരിചയമേള തിരുമൂലവിലാസം യു.പി.സ്കൂളിലും സാമൂഹ്യ ശാസ്ത്രമേള തിരുമൂലപുരം എസ്.എൻ.വി.എച്ച്.എസ്.എസിലും നടക്കും. 13ന് വൈകിട്ട് നാലിന് മേള സമാപിക്കും. മുനിസിപ്പൽ വൈസ് ചെയർമാൻ ജോസ് പഴയിടം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാന്തമ്മ വർഗീസ് അദ്ധ്യക്ഷയും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മിനികുമാരി വി.കെ.ജനറൽ കൺവീനറുമായുള്ള വിവിധ കമ്മിറ്റികൾ മേളയുടെ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.