
പത്തനംതിട്ട: പൊതുപ്രവർത്തകനും പ്രശസ്തനായ പാരമ്പര്യ വൈദ്യനുമായ ഭഗവൽസിംഗ് രണ്ടുപേരെ നരബലി നൽകിയ വിവരമറിഞ്ഞ് വിറങ്ങലിച്ച് നിൽക്കുകയാണ് നാട്. നാട്ടുകാർ ഇയാളെ സ്നേഹപൂർവം വിളിച്ചിരുന്നത് ബാബു എന്നാണ്. ആഞ്ഞിലിമൂട്ടിൽ വൈദ്യ കുടുംബത്തിലെ അംഗം. വീട്ടുപേര് കടകംപള്ളിൽ എന്നാണെങ്കിലും ആഞ്ഞിലിമൂട്ടിൽ വൈദ്യൻ എന്നാണ് അറിയപ്പെട്ടിരുന്നത്. അച്ഛൻ വാസു വൈദ്യരും പാരമ്പര്യ ചികിത്സയിലൂടെ പ്രശസ്തനായിരുന്നു.
ശരീരത്തിന് ഒടിവോ ചതവോ സംഭവിക്കുന്നവരുടെ വിശ്വസ്തനായ വൈദ്യനായിരുന്നു ഭഗവൽസിംഗ്. ഇലന്തൂരിന് സമീപം കാരംവേലി പുന്നക്കാട് റോഡിൽ പുളിന്തിട്ട
ഭാഗത്തുള്ള ചെറിയ കാവിന് പിന്നിലാണ് ചികിത്സാലയം. തൊട്ടുപിന്നിൽ കാടും പടലവും നിറഞ്ഞ പറമ്പും വീടും. പദ്മയെയും റോസ്‌ലിയെയും വെട്ടിനുറുക്കി കഷണങ്ങളാക്കി കുഴിച്ചിട്ടത് ഇവിടെയാണ്.
പൊതുവെ ശാന്തനും നാട്ടുകാര്യങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നയാളുമായിരുന്നു ഭഗവൽ സിംഗ് എന്ന് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ജോസ് തോമസ് പറഞ്ഞു. തിരുമ്മു ചികിത്സാ കേന്ദ്രമായതിനാൽ രാത്രിയിലും ആളുകൾ വാഹനങ്ങളിൽ വന്നുപോയിരുന്നു. ഇതിലൊന്നും ആർക്കും സംശയം ഉണ്ടായിരുന്നില്ല.
അച്ഛൻ വാസു വൈദ്യരുടെ കാലശേഷം പാരമ്പര്യ ചികിത്സ മകൻ നന്നായി നടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്ന് അയൽക്കാരനായ വാസുദേവൻ പറഞ്ഞു. അടുത്ത വീട്ടിലെ ലൈസമ്മയുടെ കൈ വേദന മാറ്റിയതും ക്രിക്കറ്റ് കളിക്കിടെ സമീപവാസിയായ ശ്രീകാന്തിന്റെ കൈവിരൽ ഒടിഞ്ഞത് നേരെയാക്കിയതും ഫുട്ബാൾ കളിക്കിടെ നെൽസന്റെ കാൽക്കുഴ തെറ്റിയത് പരിഹരിച്ചതും ഉൾപ്പെടെ ഇയാളുടെ ചികിത്സ നാട്ടിലെങ്ങും അറിയപ്പെട്ടിരുന്നു. ഒരിക്കൽ പോലും ഇയാൾ സംശയത്തിന് ഇട നൽകിയിട്ടില്ലെന്ന് പഞ്ചായത്തംഗം ഷിബു കാഞ്ഞിക്കൽ പറഞ്ഞു.
കരുണയില്ലാത്ത കൊലപാതകി ഫേസ് ബുക്കിലെ കവി
പത്തനംതിട്ട: ഫേസ് ബുക്കിൽ മൂന്നുവരിയിൽ ഒതുങ്ങുന്ന ഹൈക്കു കവിതകൾ എഴുതുന്ന കവിയായാണ് ഭഗവൽസിംഗ് നിറഞ്ഞുനിന്നത്.ജില്ലയിലും പുറത്തുമുള്ള നിരവധി പ്രമുഖരും കവികളുമുൾപ്പെടെ നാലായിരത്തോളം പേർ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും കൊലപാതക വാർത്ത പുറത്തുവന്നതോടെ പലരും ബന്ധം ഉപേക്ഷിച്ചു.
അവസാനം ഫേസ്ബുക്കിൽ വന്ന കവിത ഇങ്ങനെ:
"ഉലയൂതുന്നു
പണിക്കത്തി, കൂട്ടിനുണ്ട്
കുനിഞ്ഞ തനു."
ഇത് കുറച്ചതിന് തൊട്ടടുത്ത ദിവസങ്ങളിലാണ് പത്മയെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്.
സി.പി.എം ഇലന്തൂർ പുളിന്തിട്ട മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഭഗവൽസിംഗ് ഇപ്പോഴും പാർട്ടിയിൽ സജീവമാണ്.മല്ലപ്പള്ളിയിൽ ഒരാഴ്ച മുൻപ് നടന്ന കർഷക സംഘം ജില്ലാ സമ്മേളനത്തിലും പങ്കെടുത്തിരുന്നു.ഇലന്തൂരിലെ ചില സാഹിത്യ സദസുകളിലും പങ്കെടുത്തിരുന്നു. ഹൈക്കു കവിതകളെക്കുറിച്ച് ക്ളാസെടുക്കുമെന്നും ഫേസ് ബുക്കിലൂടെ ഇയാൾ അറിയിച്ചിരുന്നു.