
പത്തനംതിട്ട : ഇലന്തൂരിൽ നടന്ന നരബലിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അത്യന്തം ക്രൂരമായ സംഭവമാണ് നടന്നിരിക്കുന്നത്. ഇതിന് പിന്നിൽ സി.പി.എം പ്രവർത്തകനാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. മതഭീകരവാദികളുടെ ശൈലിയിൽ നടന്ന കൊലപാതകമാണിത്. ഇതിന് പിന്നിൽ അത്തരം ശക്തികളുണ്ടെങ്കിൽ അവരെ പുറത്തെത്തിക്കണം. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ നവോത്ഥാന മതിൽകെട്ടിയ സി.പി.എം അംഗം എങ്ങനെയാണ് ഈ പ്രാകൃത കൃത്യം ചെയ്തതെന്ന് സി.പി.എം നേതൃത്വം ജനങ്ങളോട് മറുപടി പറയണം. നേരത്തെയും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, ജനറൽ സെക്രട്ടറി സൂരജ് ഇലന്തൂർ, യുവമോർച്ച ജില്ല പ്രസിഡന്റ് നിതിൻ ശിവ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യാംതട്ടയിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.