nara

#ഇരകൾ ലോട്ടറി വില്പനക്കാരായ രണ്ടുസ്ത്രീകൾ

# കൊലപാതകം ഇലന്തൂരിൽ നാട്ടുവൈദ്യന്റെ വീട്ടിൽ

# വൈദ്യനും ഭാര്യയും വ്യാജസിദ്ധനും അറസ്റ്റിൽ

# കെട്ടിയിട്ട് അവയവങ്ങൾ അറുത്തുമാറ്റി

# കഴുത്തറുത്തത് വൈദ്യന്റെ ഭാര്യയെന്ന് സൂചന

# വെട്ടിനുറുക്കി കുഴിച്ചിട്ട മൃതദേഹങ്ങൾ കണ്ടെടുത്തു

പത്തനംതിട്ട/ കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നാട്ടുവൈദ്യന്റെ വസതിയിൽ ലോട്ടറി വില്പനക്കാരായ രണ്ടു സ്ത്രീകളെ കൊണ്ടുവന്ന് ദുർമന്ത്രവാദം നടത്തി അതിപൈശാചികമായി കൊലപ്പെടുത്തിയതറിഞ്ഞ് കേരളം നടുങ്ങി.

ജൂൺ എട്ടിന് രാത്രിയിൽ നടത്തിയ ആദ്യ ദുർമന്ത്രവാദത്തിൽ കാലടി മറ്രൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന റോസ് ലിയെ (49)കെട്ടിയിട്ട് കഴുത്തറുത്ത് ബലിയർപ്പിക്കുകയായിരുന്നു. കട്ടപ്പന സ്വദേശിയായ ഭർത്താവുമായി വേർപിരിഞ്ഞ ഇവർ ആലപ്പുഴ കൈനടി സ്വദേശിയാണ്.

സെപ്തംബർ 26ന് സേലം ധർമ്മപുരി സ്വദേശിനിയും എളംകുളം ഫാത്തിമമാത ചർച്ച് റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായ പദ്മത്തെയാണ് (52) ബലികൊടുത്തത്. സിനിമയിൽ അഭിനയിച്ചാൽ പത്തു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സ്ത്രീകളെ ഇലന്തൂരിലെത്തിച്ചത്.

ദുർമന്ത്രവാദിയായ പെരുമ്പാവൂർ വെങ്ങോല വേഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (52), നാട്ടുവൈദ്യനായ പത്തനംതിട്ട ഇലന്തൂർ കാരംവേലി കടംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (68), ഇയാളുടെ രണ്ടാം ഭാര്യ ലൈല എന്നിവരെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു.

സാമ്പത്തിക അഭിവൃദ്ധിക്കായി നരബലി നൽകണമെന്ന് ഉപദേശിച്ച ഷാഫിതന്നെ ഇതിനായി സ്ത്രീകളെ എത്തിക്കുകയായിരുന്നു.

കെട്ടിയിട്ട് കഴുത്തറുത്തും അവയവങ്ങൾ മുറിച്ചും വാർന്നൊഴുകിയ ചോര വീടിനു ചുറ്റും തളിച്ചാണ് മന്ത്രവാദം നടത്തിയത്. നഗ്നശരീരത്തിലായിരുന്നു ക്രൂരതകൾ.

പദ്മത്തെ കാണാനില്ലെന്ന് സഹോദരിയും മകനും നൽകിയ പരാതിയെ തുടർന്ന് കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിൽ അവസാനമായി ഫോണിൽ സംസാരിച്ച ഷാഫി പിടിയിലായതോടെയാണ് കേസ് തെളിഞ്ഞത്. തൃശൂർ വാഴാനിയിൽ നിന്ന് റോസിലിയുടെ മകൾ മഞ്ജു ആഗസ്റ്റ് 17ന് കാലടി പൊലീസിലും പരാതി നൽകിയിരുന്നു. പദ്മവും റോസ് ലിയും പരിചയക്കാരായിരുന്നു.ഷാഫിയുടെ വെളിപ്പെടുത്തലോടെയാണ് വൈദ്യനും ഭാര്യയും പിടിയിലായത്

56 കഷണങ്ങളാക്കി

വീട്ടുപറമ്പിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാൻ ഉച്ചയ്ക്ക് ഒരു മണിയോടെ ഭഗവൽ സിംഗിനെയാണ് സ്ഥലത്തെത്തിച്ചത്. സ്ത്രീകളെ കുഴിച്ചിട്ട സ്ഥലം കാട്ടിക്കൊടുത്തു. 56 കഷ്ണങ്ങളാക്കിയ പദ്മയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൃതദേഹം തിരിച്ചറിയാൻ മകന് കഴിഞ്ഞില്ല. പിന്നാലെ മുഹമ്മദ് ഷാഫിയെ തെളിവെടുപ്പിന് കൊണ്ടുവന്നു.

വൈകിട്ട് അഞ്ചരയോടെ റോസ് ലിന്റെ അസ്ഥികൂടം മാത്രമാണ് കിട്ടിയത്. അഞ്ചു കഷ്ണങ്ങളാണ് കിട്ടിയത്. പോസ്റ്റുമാേർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഡി.എൻ.എ പരിശോധന നടത്തി തിരിച്ചറിയാനുള്ള നടപടികളിലാണ് പൊലീസ്. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് എത്തിയിരുന്നു. വൻജനാവലിയാണ് തടിച്ചു കൂടിയത്.

പത്മയുടെയും റോസ്ലിന്റെയും കുഴിമാടത്തിനരികിൽ മഞ്ഞളും രാമതുളസിയും നട്ടിരുന്നു.

ആഭിചാര കർമ്മത്തിന് സ്ത്രീകളെ എത്തിച്ച് നൽകിയതിനു പ്രതിഫലമായി മൂന്ന് ലക്ഷത്തോളം രൂപ ഭഗവൽ സിംഗിൽ നിന്ന് ഷാഫി കൈപ്പറ്റിയിരുന്നു. ജൂൺ എട്ടിന് റോസ് ലിയെ ബലി നൽകിയെങ്കിലും മുജ്ജന്മ പാപം തീർന്നില്ലെന്ന് ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ച് സെപ്തംബർ 26ന് പദ്മത്തെയും കുരുതി കൊടുക്കുകയായിരുന്നു.

 പുറത്തറിയിച്ചത് കേരളകൗമുദി

കൊച്ചിയിൽ നിന്ന് അന്യസംസ്ഥാനക്കാരിയായ ലോട്ടറി വില്പനക്കാരിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയ വിവരം ആദ്യം പുറത്തുകൊണ്ടുവന്നത് കേരളകൗമുദി. നരബലിയെന്ന സൂചന ലഭിച്ചിരുന്നെങ്കിലും അന്വേഷണം നിർണായക ഘട്ടത്തിലായിരുന്നതിനാൽ ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

ശ്രീദേവിയും ഷാഫിയും ഒരാൾ,

ഫേസ് ബുക്കിൽ പൂജാപരസ്യം

ഫേസ്ബുക്കിൽ ശ്രീദേവിയെന്ന പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച ഷാഫി, ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുകയെന്ന് കുറിപ്പിട്ടിരുന്നു. ഇതു കണ്ടാണ് ഹൈക്കു കവി കൂടിയായ ഭഗവൽ സിംഗ് ബന്ധപ്പെട്ടത്. വ്യജ പ്രൊഫൈലിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് പെൺകുട്ടിയായി ചമഞ്ഞ് ഭഗവൽ സിംഗുമായി സൗഹൃദം സ്ഥാപിച്ച് ചുരുങ്ങിയ സമയംകൊണ്ട് വിശ്വാസം നേടിയെടുത്തു. സമ്പദ്‌സമൃദ്ധിക്കായി പൂജ നടത്തിയാൽ മതിയെന്നും മന്ത്രവാദം ചെയ്യുന്ന ഒരാളെ പരിചയമുണ്ടെന്നും ഭഗവൽ സിംഗിനെ വിശ്വസിപ്പിച്ചു. മന്ത്രവാദിയുടേതെന്ന പേരിൽ ഷാഫി സ്വന്തം ഫോൺ നമ്പർ നൽകി.

മന്ത്രവാദത്തിന്റെ ഫലങ്ങൾ ശ്രീദേവി വിശദീകരിച്ചത് വിശ്വസിച്ചാണ് ഭഗവൽ സിംഗും ലൈലയും ഷാഫിയുമായി സംസാരിക്കുന്നതും പൂജയ്ക്കു വീട്ടിലേയ്ക്കു ക്ഷണിക്കുന്നതും. ദോഷം മാറാൻ നരബലി വേണമെന്ന് ഇവരെ വിശ്വസിപ്പിച്ച് പണം കൈക്കലാക്കുകയായിരുന്നു.

പ്രതികൾ മുമ്പും ഇത്തരത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്

സി.എച്ച്. നാഗരാജു

കമ്മിഷണർ

കൊച്ചി സിറ്റി പൊലീസ്