പത്തനംതിട്ട - ആഭിചാരക്രിയയുടെ പേരിൽ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ദുർമന്ത്രവാദവും അതുമായി ബന്ധപ്പെട്ട നരബലിയും നടന്നെന്ന വാർത്ത ഉത്തരേന്ത്യയിൽ നിന്നല്ല, നവോത്ഥാനത്തിന്റെ നെറുകയിൽ നിൽക്കുന്നെന്ന് നാം ഓരോരുത്തരും ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തിൽ നിന്നു തന്നെയാണ്. കേട്ടുകേൾവി മാത്രമായ കുറ്റകൃത്യങ്ങൾ നമ്മുടെ കൺമുന്നിലും സംഭവിക്കുകയാണ്. പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മൾ ഓരോരുത്തരും അപമാനഭാരത്താൽ തലകുനിയ്‌ക്കേണ്ട സംഭവങ്ങളാണ് പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.