റാന്നി: സി.പി.ഐ നേതാവും ദേവസ്വംബോർഡ് അംഗവുമായിരുന്ന മനോജ് ചരളേലിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ രാവിലെ 9ന് പത്തനംതിട്ടയിലെ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ , ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ചു. രാവിലെ 10ന് വിലാപ യാത്രയായി മൃതദേഹം സിപി.ഐ റാന്നി മണ്ഡലം കമ്മിറ്റി ഓഫീസിലെത്തിച്ചു. 11ന് മനോജ് ചരളേൽ മാനേജരായ കൊറ്റനാട് എസ്.സി.വി ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിന് വച്ചു. ഉച്ചയ്ക്ക് 3ന് കൊറ്റനാട് വസതിയിൽ എത്തിച്ച മൃതദേഹത്തിൽ നൂറ് കണക്കനാളുകൾ അന്ത്യാഭ്യവാദ്യം അർപ്പിച്ചു. മന്ത്രി ചിഞ്ചുറാണി, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്ദഗോപൻ, മുൻ എംഎൽ.എ രാജു ഏബ്രഹാം തുടങ്ങിയവർ പുഷ്പ ചക്രം അർപ്പിച്ചു. തുടർന്ന് മൃതദേഹം സംസ്‌കരിച്ചു.