കടമ്പനാട് : കടമ്പനാട് പഞ്ചായത്ത് സ്റ്റേഡിയം നിർമ്മാണത്തിന് അനുമതിയായെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി അനുവദിച്ചത്. എം.എൽ എ എന്ന നിലയിൽ നിർദ്ദേശിച്ച പദ്ധതി കായിക-യുവജന വകുപ്പ് അധികൃതരും ഉന്നത സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് പരിശോധനനടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി അംഗീകരിച്ചത്. വിശദമായ പദ്ധതി രേഖ സമയബന്ധിതമായി തയാറാക്കുന്നതിന് കേരള സ്പോട്സ് ഫൗണ്ടേഷനെ ചുമതലപ്പെടുത്തിയെന്നും സ്ഥലലഭ്യതയുള്ള ഇതര പഞ്ചായത്തിലും സ്പോർട്സ് വകുപ്പിന്റെ പദ്ധതി പ്രകാരം സ്റ്റേഡിയം നിർമ്മിക്കുന്നതിന് ശ്രമിക്കുമെന്നും ചിറ്റയം പറഞ്ഞു. കടമ്പനാട് ജംഗ്ഷന് പടിഞ്ഞാറ് ഭഗവതി ക്ഷേത്രത്തിന് തെക്ക് വശത്തായാണ് സ്റ്റേഡിയത്തിനായി സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. രണ്ടര ഏക്കറിലധികം വരുന്ന സ്ഥലം ഒരുഭാഗം കാട് പിടിച്ചു കിടക്കുകയാണ്. അതിർത്തി സംബന്ധിച്ച് സമീപവാസികൾ നൽകിയ കേസിനെ തുടർന്നാണ് സ്റ്റേഡിയം നിർമ്മാണം നടക്കാതെ പോയത്. എ.ആർ അജീഷ് കുമാർ പ്രസിഡന്റായുള്ള കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി കേസ് ഒത്തുതീർക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. പ്രിയങ്കാ പ്രതാപ് പ്രസിഡന്റായുള്ള ഇപ്പോഴത്തെ ഭരണ സമിതി കാര്യമായ ഇടപെടീൽ നടത്തി ഭൂമി സംബന്ധിച്ച കേസ് ഒത്തുതീർപ്പാക്കി. വേണ്ടത് ഫുട്ബാൾ സ്റ്റേഡിയമാണ്. ഫുട്ബാൾ പ്രേമികൾ ഏറെയുള്ള നാടാണ് കടമ്പനാട് . ലോകകപ്പിന്റെ ആരവം ഉയരുമ്പോൾ ഇഷ്ട ടീമിന്റെ ഫ്ലെക്സും ബാനറും ഒക്കെയായി കടമ്പനാട് നിറയും. പ്രഭാത സവാരി നടത്താൻ ചുറ്റും സൗകര്യമൊരുക്കണമെന്നും ആവശ്യമുണ്ട്.