മല്ലപ്പള്ളി : മണിമലയാറ്റിൽ പടുതോട് പാലത്തിന് സമീപത്തെ പമ്പുഹൗസിന് സമീപത്തെ മുളങ്കൂട്ടം മാലിന്യക്കൂമ്പാരമാകുന്നു. കഴിഞ്ഞ ഒക്ടോബറിലെ പ്രളയം മുതൽ ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തെ വെള്ളപ്പൊക്കത്തിൽ എത്തിയ മുളകളാണ് ഇവിടെ ശുദ്ധജല കിണറിനെ മൂടപ്പെട്ട് മാലിന്യക്കൂമ്പാരമായി മാറിയത്. എഴുമറ്റൂർ, പുറമറ്റം പഞ്ചായത്തുകളിൽ നടപ്പാക്കിവരുന്ന ശുദ്ധജല വിതരണ കിണറിന് മുകളിലാണ് ഈ ദുരവസ്ഥയുണ്ടായിട്ടുള്ളത്. ഒഴുകിയെത്തിയ പ്ലാസ്റ്റിക്ക് കുപ്പികളും, കവറുകളും മറ്റും അടിഞ്ഞുകൂടിയിരിക്കുകയാണ് ഇവിടെ. വൃത്തിഹീനമായിക്കിടക്കുന്ന ജലം ശുദ്ധജലമായി ഉപയോഗിക്കേണ്ട ഗതികേടിലാണ് പുറമറ്റം,എഴുമറ്റൂർ പഞ്ചായത്ത് നിവാസികൾ . ജലവിതരണ പദ്ധതികൾക്ക് പഞ്ചായത്തുകൾ പദ്ധതിയിൽ തുക ഉൾപ്പെടുത്തുമ്പോഴും വാട്ടർ അതോറിറ്റി പമ്പ് ഹൗസുകളുടെയും, സമീപത്തെയും ശുചീകരണത്തിന് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. രണ്ട് പഞ്ചായത്തുകളിലായി 4000ത്തിന് മുകളിൽ ഗുണഭോക്താക്കളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ജലത്തിലൂടെ മാരകമായ രോഗങ്ങൾ പകരുവാൻ സാദ്ധ്യതയുണ്ടായിട്ടും പ്ലാന്റുകളിൽ ക്ലോറിനേഷൻ അല്ലാതെ മറ്റ് ശുദ്ധീകരണ സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് ഗുണഭോക്താക്കൾക്ക് ജലം ലഭിക്കുന്നത്. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഇരുപഞ്ചായത്തിലെയും പ്രദേശവാസികളുടെ ആവശ്യം.
.................
ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രദേശവാസികളുടെ ഏക ആശ്രയം വാട്ടർ അതോറിറ്റിയാണ്. പക്ഷേ പടുതോട്ടെ പമ്പുഹൗസും പരിസരവും കണ്ടാൽ വൃത്തിഹീനമാണ്.
സന്തോഷ് കുമാർ പുറമറ്റം
(പ്രദേശവാസി)
............
വാട്ടർ അതോറിറ്റി പൈപ്പിൽ എത്തുന്ന ജലം പത കലർന്ന മറ്റൊരു നിറത്തിലുള്ളതാണ്. ഇത് ഗാർഹികാവശ്യങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം.
സുമംഗല പ്രകാശ് എഴുമറ്റൂർ
(പ്രദേശവാസി)