മല്ലപ്പള്ളി : എഴുമറ്റൂർ - പടുതോട് ബാസ്റ്റോ റോഡിൽ ആറിടങ്ങളിൽ പൈപ്പുപൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നടപടി എടുക്കാൻ വാട്ടർ അതോറിറ്റി അധികൃതർ തയാറാകാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. എഴുമറ്റൂർ ജംഗ്ഷൻ മുതൽ ശീതക്കുളം വരെയുള്ള രണ്ട് കിലോമീറ്റർ ദൂരത്തിൽ ആറ് ഇടങ്ങളിലാണ് പൈപ്പുപൊട്ടൽ. നാട്ടുകാർ നിരന്തരം പരാതികൾ നല്കിയിട്ടും നടപടി ഉണ്ടായില്ല. വേനൽ കനത്ത സമയത്താണ് പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നത്. റോഡിൽ വലിയ കുഴികളിൽ വെള്ളം കെട്ടിനില്ക്കുന്നത് ഇരുചക്ര വാഹനയാത്രികർക്കും ഭീഷണിയാണ്. പൈപ്പ് നന്നാക്കുന്നതിനുള്ള അടിയന്തര നടപടി അധികൃതർ സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.