investigation
തിരുവല്ല അമ്പിളി പാലത്തിന് സമീപം പ്രതികളുമായി പൊലീസ് എത്തിയപ്പോൾ

തിരുവല്ല: ചങ്ങനാശേരിയിലെ പൂവത്ത് രണ്ടാഴ്ച മുമ്പ് നടന്ന ദൃശ്യം മോഡൽ കൊലപാതക കേസിലെ പ്രതികളെ കാവുംഭാഗത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ആലപ്പുഴ സ്വദേശി ഇന്ദുമോനെ കൊലപ്പെടുത്തി വീടിന്റെ അടുക്കളയിൽ കുഴിച്ചിട്ട മുത്തുകുമാറിന്റെ സഹായികളും കേസിലെ രണ്ടും മൂന്നും പ്രതികളുമായ കോട്ടയം മാങ്ങാനം സ്വദേശികളായ വിപിൻ, ബിനോയ് എന്നിവരെയാണ് ഇന്നലെ രാവിലെ 10 മണിയോടെ എത്തിച്ചത്. ഇന്ദുമോന്റെ മൊബൈൽ ഫോൺ അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിലെ കാവുംഭാഗം അമ്പിളിപ്പാലത്തിൽ നിന്ന് തോട്ടിലേക്ക് എറിഞ്ഞതായി പ്രതികൾ പൊലീസിൽ മൊഴി നൽകിയിരുന്നു. ഫോൺ കണ്ടെത്തുന്നതിനായാണ് പ്രതികളെ എത്തിച്ചത്. രണ്ടുമണിക്കൂറോളം തോട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പ്രതികളുമായി പൊലീസ് മടങ്ങി.