mampra
വെളളം ലഭിയ്ക്കാതായതോടെ മാമ്പ്ര പാടശേഖരം കരിഞ്ഞുണങ്ങിയ നിലയിൽ

ചെങ്ങന്നൂർ: മഴമാറിയതിനു പിന്നാലെ കനാൽ വെളളംകൂടി ലഭിക്കാതായതോടെ മാമ്പ്ര പാടശേഖരം കരിഞ്ഞുണങ്ങുന്നു. ആല, ചെറിയനാട്, വെണ്മണി പഞ്ചായത്തുകളിലായാണ് മാമ്പ്ര പാടശേഖരം വ്യാപിച്ചു കിടക്കുന്നത്. മഴയേയും കനാൽ വെളളത്തേയും ആശ്രിയിച്ചാണ് 40 ഹെക്ടറോളം വരുന്ന ഈ പാടശേഖരത്തിൽ കർഷകർ കൃഷി നടത്തിയിരുന്നത്. കന്നിമാസത്തിൽ ലഭിച്ച മഴിയിൽ ഭൂരിപക്ഷം കർഷകരും വിത്ത് വിതയ്ക്കാനായി പാടം പൂട്ടിയടിച്ച് ഒരുക്കിയിട്ടു. 25 ഏക്കറോളം വരുന്ന പാടത്ത് കർഷകർ കൃഷി ഇറക്കുകയും ചെയ്തു.എന്നാൽ മഴയും കനാൽ വെളളവും ലഭിക്കാതായതോടെ ഒരുക്കിയിട്ട പാടത്ത് പുല്ല് വളരുകയും വിത്ത് വിതച്ച പാടം വെടിച്ചു കീറുകയും ചെയ്തു. ഇതോടെ ലോണെടുത്തും പലിശയ്ക്ക കടം വാങ്ങിയും ചിട്ടിപിടിച്ചും കൃഷി ഇറക്കിയ കർഷകർ എന്തുചെയ്യണമെന്നറിയാതെ വിഷമത്തിലായി.

മാമ്പ്ര ജില്ലയിലെ മികച്ച സമ്മിശ്രകൃഷിയിടം

ജില്ലയിലെ ഏറ്റവും മികച്ച സംമ്മിശ്രകൃഷി നടക്കുന്ന പാടശേഖരമാണ് മാമ്പ്ര.പി.ഐ.പി കനാലിലൂടെ വെളളം തുറന്നുവിടാത്തതാണ് നിലവിൽ മാമ്പ്ര പാടശേഖരത്തിലെ കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. മഴയേയും കനാൽ ജലത്തേയും മാത്രം ആശ്രയിച്ചാണ് ഇവിടെ കർഷകർ കൃഷിനടത്തുന്നത്. കന്നിമാസത്തിൽ കൃഷി ഇറക്കി 90 മുതൽ 100 ദിവസം കൊണ്ട് നെല്ല് കൊയ്‌തെടുത്തശേഷം പാടത്ത് പച്ചക്കറി കൃഷിയിറക്കും.

ഉത്തരപ്പള്ളിയാർ വീണ്ടെടുക്കണം

അച്ചൻകോവിലാറ്റിൽ വെണ്മണി പഞ്ചായത്തിലെ ശാർങ്ങക്കാവിന് സമീപത്തുനിന്നും തുടങ്ങി അഞ്ചു പഞ്ചായത്തുകളിലൂടെ ഒഴുകി പമ്പാ നദിയിൽ അവസാനിക്കുന്നതാണ് ഉത്തരപ്പളളിയാർ. നദി ഒഴുകിയിരുന്ന കാലഘട്ടത്തിൽ മാമ്പ്ര പാടശേഖരത്തിലുൾപ്പടെ അഞ്ചു പഞ്ചായത്തുകളിലെ പാടങ്ങളിലും ജലത്തിന് ദൗർലഭ്യം ഉണ്ടായിട്ടില്ല. കയ്യേറ്റം ഒഴിപ്പിച്ച് നദി പുനസ്ഥാപിക്കാൻ കോടതി ഉത്തരവിട്ടെങ്കിലും നദി വീണ്ടെടുക്കാനുളള ശ്രമം വേണ്ടരീതിയിൽ പുരോഗമിക്കാത്തതാണ് മറ്റൊരു പ്രശ്‌നം. കനാലുകളിലെ അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി നടത്താത്തതും കർഷകരെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പ്രസാദ് പറഞ്ഞു.

..........................

അറ്റകുറ്റപ്പണിയുടെ പണിയുടെ പേരിൽ കനാൽ വെളളം തുറന്നുവിടാത്തത് നെൽകൃഷിയെ മാത്രമല്ല പച്ചക്കറി കൃഷിയേയും പ്രതികൂലമായി ബാധിക്കും

സുഭജിത്ത്

(വെണ്മണി കൃഷി ഓഫീസർ)​

................................

കൈയേറ്റം മൂലം ഉത്തരപ്പള്ളിയാർ ശോഷിച്ച് ഇല്ലാതായതാണ് ജലദൗർലഭ്യം രൂക്ഷമാകാൻ കാരണം.

പ്രസാദ് ചെറിയനാട്

(മാമ്പ്ര പാടശേഖരത്തിലെ

സമ്മിശ്രകർഷകൻ)​

.....................

-40 ഹെക്ടറോളം വരുന്ന പാടശേഖരം