പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കടവുകളുള്ള 16 പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും ലൈഫ് ജാക്കറ്റുകളും ലൈഫ് ബോയികളും വാങ്ങണമെന്ന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ കെ.ആർ. സുമേഷ് നിർദേശിച്ചു. ശബരിമല തീർത്ഥാടനം അപകട രഹിതമാക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടവുകളിലും ജലാശയങ്ങളിലും അപകടം ഉണ്ടാകാതെ പൂർണമായും സുരക്ഷിതമായ ശബരിമല തീർത്ഥാടന കാലത്തിനായി പ്രവർത്തിക്കണം. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികളും നവീകരണങ്ങളും ഉൾപ്പെടെയുള്ള ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ചുള്ള എല്ലാ പൊതുമരാമത്ത് പ്രവൃത്തികളും നവംബർ 10 ന് മുൻപ് പൂർത്തീകരിക്കണം.
കടവുകളിൽ സുരക്ഷാ ബോർഡുകൾ ഈ മാസം തന്നെ സ്ഥാപിക്കുമെന്ന് മേജർ ഇറിഗേഷൻ പ്രതിനിധി അറിയിച്ചു. നവംബർ ആദ്യവാരം തന്നെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ എല്ലാം വകുപ്പുകൾക്കും നിർദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.