ഏഴംകുളം :തൊടുവക്കാട് - മുരുകൻകുന്ന് കോളനി നവീകരണം അട്ടിമറിയ്ക്കുന്ന വാർഡ് മെമ്പർക്കെതിരെ കെ.എസ്.കെ.ടി.യു പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ സി.എം.എൽ.ആർ.ആർ.പി യിൽഉൾപ്പെടുത്തി ഏഴംകുളം പഞ്ചായത്ത് തൊടുവക്കാട് വാർഡിലെ തൊടുവക്കാട് - മുരുകൻകുന്ന് റോഡിന് 20 ലക്ഷം അനുവദിച്ചിരുന്നു. രണ്ട് വർഷം മുൻപ് ടെന്റർ നടപടികൾ പൂർത്തീകരിച്ചെങ്കിലും റോഡ് നവീകരണം ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല. റോഡ് പണി പൂർത്തീകരിക്കാത്തതിന് പിന്നിൽ വാർഡ് മെമ്പർക്ക് ഈ പദ്ധതിയോടുള്ള താൽപര്യക്കുറവാണെന്ന ആക്ഷേപമാണുള്ളത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെട്ട റോഡിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ടും വാർഡിലെ തെരുവ് വിളക്കുകൾ പൂർണമായും പ്രകാശിപ്പിക്കാത്തതിലും ഗ്രാമസഭയേയും വാർഡിലെ വിവിധ കമ്മറ്റികളേയും നോക്കുകുത്തിയാക്കുന്നതിലും പ്രതിഷേധിച്ച് കെ.എസ്.കെ.ടി യു തൊടുവക്കാട് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ഷീല വിജയ് ഉദ്ഘാടനം ചെയ്തു. ഷൈജ ഓമനക്കുട്ടൻ അദ്ധ്യക്ഷയായി. എസ്.സി ബോസ്, വിജു രാധാകൃഷ്ണൻ , സുരേഷ്കുമാർ, അജിതാ സുധാകരൻ, ശാന്തമ്മ എന്നിവർ സംസാരിച്ചു.