അടൂർ : എം.സി റോഡിൽ ഹൈസ്കൂൾ ജംഗ്ഷന് താഴെയായുള്ള പുതിയകാവിൽചിറ ടൂറിസം പദ്ധതിയ്ക്ക് ടൂറിസം വകുപ്പിന്റെ ഭരണാനുമതി. പുതിയകാവിൽചിറ വാട്ടർ ടൂറിസം പദ്ധതിക്കായി ടൂറിസം വകുപ്പിൽ നിന്നും 2.06 വകുപ്പുതല അംഗീകാരം ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ടൂറിസം വികസന ഉന്നതതല ഉദ്യോഗസ്ഥരുടെ വർക്കിംഗ് ഗ്രൂപ്പ് യോഗമാണ് ഈ പദ്ധതിക്ക് അംഗീകാരം നൽകിയത്. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന പുതിയകാവിൽചിറയിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വാസ്തുശിൽപ്പ മാതൃകയിൽ കമനീയമായ കെട്ടിടം നിർമ്മിച്ച് ഇവിടെ മോട്ടൽ ആരാം പ്രവർത്തിച്ചുവരികയാണ്. ചിറയ്ക്ക് ചുറ്റും നടപ്പാതയും വിശ്രമ ബെഞ്ചുകളും ടോയ്ലെറ്റ് ബ്ളോക്കുകളും നിർമ്മിച്ചെങ്കിലും ഇതെല്ലാം ഇന്ന് കാടുകയറി കിടക്കുകയാണ്. കൊടും വരൾച്ചയിലും ജലസാന്നിദ്ധ്യമുള്ള ചിറയാകട്ടെ ഇന്ന് പായൽകയറി കിടക്കുകയാണ്. ഒപ്പം ഒട്ടേറെ മത്സ്യസമ്പത്തുമുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ചിറയിലെ പായൽ നീക്കുന്നതിനുമാത്രമായി വർഷങ്ങളായി ലക്ഷങ്ങൾ ചെലവഴിച്ചതാണ്. ഇവിടം കുട്ടവഞ്ചി, പെഡൽബോട്ട് തുടങ്ങി വിനോദത്തിനായി ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാൻ കഴിയുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ഡെപ്യൂട്ടി സ്പീക്കർ ബഡ്ജറ്റ് നിർദ്ദേശമായി നൽകിയ 6.11 കോടി രൂപയുടെ സമ്പൂർണ പദ്ധതിയുടെ പ്രാഥമിക ഘട്ടമെന്ന നിലയിലാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. പുതിയകാവിൽചിറ സമുച്ചയത്തിനു ചുറ്റും മതിൽനിർമ്മാണം, വിപുലമായ വാഹന പാർക്കിംഗ്, സൈക്കിളിംഗിനായി പ്രത്യേക ട്രാക്ക് കുട്ടികൾക്കായുള്ള പാർക്ക്, ടോയ്ലെറ്റ് സൗകര്യം, ബോട്ടിംഗിനുവേണ്ട ക്രമീകരണങ്ങൾ, ആംഫി തീയേറ്റർ എന്നിവയാണ് പ്രാഥമിക ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണത്തോടെ പുതിയകാവിൽചിറ വാട്ടർടൂറിസം സമഗ്ര വികസന പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ടായിരുന്ന ചിറയ്ക്കുമേലുള്ള തൂക്കുപാലം നിർമ്മാണം, തീമാറ്റിക് കേവ്, ഫ്‌ളോട്ടിംഗ് ഹൗസ് എന്നിവയുടെ നിർമ്മാണം കൂടി നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുന്നതാണ്.
ചിറ്റയം ഗോപകുമാർ
(ഡെപ്യൂട്ടി സ്പീക്കർ)