
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ നിന്ന് 2017മുതൽ കാണാതായ 10 സ്ത്രീകളെപ്പറ്റി അന്വേഷണം പുനരാരംഭിക്കുന്നു. പദ്മയെയും റോസ്ലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷാഫി വേറെയും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. 24മുതൽ 85 വയസു വരെയുള്ള സ്ത്രീകളെയാണ് ഈ കാലയളവിൽ കാണാതായത്.
പരാതി ലഭിച്ചിട്ടും ഇവരെപ്പറ്റി കാര്യമായി അന്വേഷണം നടന്നിരുന്നില്ല. നരബലി കേസിലെ പ്രതി ഷാഫി 2019 മുതലാണ് ഇലന്തൂരിൽ ഭഗവൽ സിംഗുമായി ബന്ധം സ്ഥാപിച്ചത്. അതിനു മുമ്പും ഷാഫി സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് അഞ്ച് വർഷത്തെ തിരോധാന കേസുകൾ അന്വേഷിക്കുന്നത്.
എസ്.എച്ച്.ഒമാർക്കാണ് അന്വേഷണച്ചുമതല. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, മഠങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിക്കും. കാണാതായവരുടെ പേരിൽ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ വഴി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.
കാണാതായവർ
പന്തളം - റസീന (85)
പത്തനംതിട്ട - രത്നമ്മ (52)
ആറൻമുള - ക്രിസ്റ്റീനാൽ (26- തമിഴ്നാട് സ്വദേശി),രാജമ്മ(60)
സരസമ്മ (68)
മലയാലപ്പുഴ - ശ്രീകുമാരി (50)
ഏനാത്ത് - സുമതിയമ്മ (70)
തിരുവല്ല - തങ്കമ്മ മാധവൻ (75)
റാന്നി - രാജമ്മ (68), സുകുമാരി (68)
കോന്നി - സുനിത (24)