photo
പ്രമാടം സ്കൂൾ ജംഗ്ഷന് സമീപം അപകട ഭീഷണി ഉയർത്തി വളർന്നു നിൽക്കുന്ന വട്ട മരം

പ്രമാടം : പൂങ്കാവ് - പത്തനംതിട്ട റോഡിൽ പ്രമാടം സ്കൂൾ ജംഗ്ഷന് സമീപമുള്ള വട്ടമരം ഭീഷണിയായി. ജംഗ്ഷനിൽ നിന്ന് പൂങ്കാവ് ഭാഗത്തേക്കുള്ള ഇറക്കത്തിലെ വലതുഭാഗത്താണ് മരം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വളർന്ന് പന്തലിച്ച് നൽക്കുന്ന മരത്തിന്റെ ഇലകൾ കാരണം വലിയ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കാഴ്ച മറയുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. രാവിലെയും വൈകുന്നേരങ്ങളിലും നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇതുവഴി കാൽനടയായും സൈക്കിളിലും പോകുന്നത്. നേതാജി ഹയർ സെക്കൻഡറി , ഗവ. എൽ.പി , സ്വകാര്യ ഇംഗ്ളീഷ് മീഡിയം സ്കൂൾ എന്നിവ ഇൗ ഭാഗത്തുണ്ട്. ഇറക്കം അവസാനിക്കുന്നിടത്ത് മൃഗാശുപത്രിയും കൃഷി ഭവനും പ്രവർത്തിക്കുന്നു.

റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന മരം ഗതാഗത തടസത്തിനും കാരണമാകുന്നു. മരം നിൽക്കുന്ന വസ്തുവിന്റെ അവകാശികൾ മരിച്ചു പോയതിനാൽ ബന്ധുക്കളുടെ തർക്കത്തിൽ കിടക്കുന്ന ഭൂമിയാണിത്. വട്ട മരം ഉയർത്തുന്ന അപകട ഭീഷണി സംബന്ധിച്ച് നാട്ടുകാർ പഞ്ചായത്തിൽ ഉൾപ്പടെ പരാതികൾ നൽകിയെങ്കിലും മുറിച്ചു മാറ്റാൻ നടപടി ഉണ്ടായിട്ടില്ല. മരത്തിന്റെ വേര് റോഡിലേക്ക് ഇറങ്ങിത്തുടങ്ങിയതോടെ അത്യാധുനിക രീതിയിൽ പുനർ നിർമ്മിച്ച റോഡിന് ബലക്ഷയം നേരിടുന്നുണ്ട്.

പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.