
പത്തനംതിട്ട: ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പുല്ലാട് കുറവൻകുഴി വേങ്ങനിൽക്കുന്നകാലായിൽ സൂര്യയുടെ (25) ഭർത്താവ് പേക്കാവുങ്കൽ വീട്ടിൽ വിഷ്ണു (29) വാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തി. ഞായാറാഴ്ച പകൽ മൂന്ന് മണിയോടെയാണ് വിഷ്ണുവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സൂര്യയെ കണ്ടത്. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അന്ന് അമിതമായി മദ്യപിച്ച നിലയിൽ കാണപ്പെട്ട വിഷ്ണുവിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ആശുപത്രി വിട്ടതിനെ തുടർന്നാണ് അറസ്റ്റ്. ഈവർഷം മേയ് എട്ടിന് കോയിപ്രം പുരയിടത്തിക്കാവ് ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. സൂര്യയുടെ വീട്ടുകാർ കൊടുത്ത നാല് പവൻ സ്വർണം ഇയാൾ പണയം വച്ചത് തിരിച്ചെടുത്തു കൊടുക്കാൻ സൂര്യ ആവശ്യപ്പെട്ടതിനെ തുടർന്ന് നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. എസ്. ഐ അനൂപിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.