1
ചുങ്കപ്പാറ ടൗണിലെ ജൈവമാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനം നിലച്ച് കാടു കയറിയനിലയിൽ

മല്ലപ്പള്ളി : ചുങ്കപ്പാറ ടൗണിലെ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബസ് സ്റ്റാൻഡിന് സമീപത്തെ ജൈവമാലിന്യ സംസ്കരണശാല ഇപ്പോൾ നോക്കുകുത്തിയാണ്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും എത്തുന്ന ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്ന പ്രക്രിയയാണ് ഇവിടെ നടന്നിരുന്നത്. കോട്ടാങ്ങൽ പഞ്ചായത്ത് ഹരിത കർമ്മസേനയിലെ അംഗങ്ങളാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ പ്രവർത്തനം നിലയ്ക്കുകയും മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് രൂക്ഷഗന്ധം വമിക്കുന്നതിനും ഇടയാക്കിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ശുചീകരണം നടത്തുകയും താല്ക്കാലികമായി മാലിന്യം എത്തിക്കുന്നതിന് നിറുത്തി വച്ചതായി അധികൃതർ നോട്ടീസും പതിച്ചു. യൂസർ ഫീസ് വാങ്ങി മാലിന്യങ്ങൾ ഹരിത സേനാ അംഗങ്ങൾ സംഭരിക്കുന്ന മുറയ്ക്ക് സംസ്കരണ പ്രവർത്തനം പുനരാരംഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു. അതുവരെ വ്യാപാരികൾ മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും കൊവിഡ് വ്യാപനങ്ങളെ മറികടന്ന് സാധാരണ നിലയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടും സംസ്കരണ ശാല തുർന്നു പ്രവർത്തിക്കുന്നതിന് നടപടിയായില്ല. ഇതോടെ സംസ്കരണ ശാലയുടെ ചുറ്റും കാട് വളർന്ന് ഇഴജന്തുക്കളുടെയും, തെരുവ് നായ്ക്കളുടെയും താവളമായിരിക്കുകയാണ്. ഇപ്പോൾ ചുങ്കപ്പാറ ടൗണിലെ ബസ് സ്റ്റാൻഡ് അടക്കം മിക്കയിടങ്ങളിലും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയപ്പെട്ട നിലയിലാണ് . സംസ്കരണ ശാലയുടെ പ്രവർത്തനം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരും വ്യാപരികളും ആവശ്യപ്പെടുന്നത്.

.....................

ചുങ്കപ്പാറ ടൗണിലെ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പരിസര ശുചീകരണത്തിന് പ്രാരംഭ നടപടിയായി ഉടൻ തന്നെ പ്രവർത്തനം കാര്യക്ഷമമാക്കും.

ബിനു ജോസഫ്

(കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ്)