 
അടൂർ : മൂടിയില്ലാത്ത ഓട, മരങ്ങൾ , അനധികൃത കച്ചവടം, പാർക്കിംഗ് എന്നിവമൂലം കെ.പി. റോഡിലെ യാത്ര ദുരിതമായി. കെ.പി.റോഡിൽ പഴകുളം മുതൽ അടൂർ ഹൈസ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് ഗതാഗതം തടസപ്പെടുന്നത്. പഴകുളം ജംഗ്ഷൻ കഴിഞ്ഞാൽ ഫോറസ്ട്രി പാർക്കിന് സമീപത്തുകൂടി ഓടയാണ് . ഇതിന് മൂടിയില്ല. ഒരു വശത്ത് മരങ്ങളും . പാസ് ജംഗ്ഷനിൽ അടൂരിലേക്ക് വരുമ്പോൾ പാലം കഴിഞ്ഞാൽ വാട്ടർ അതോറിറ്റി റോഡിന്റെ തെക്ക് ഭാഗത്ത് അല്പം വീതിയുള്ളിടത്തെല്ലാം പൈപ്പ് ഇറക്കിയിട്ടിരിക്കുകയാണ്. പതിനാലാം മൈൽ വരെ ഇതാണ് സ്ഥിതി. തെങ്ങുംതാര ജംഗ്ഷനിൽ റോഡിനിരുവശവും മരങ്ങളും പെട്ടിക്കടക്കാരുമാണ്. വായനശാല ജംഗ്ഷനിലും ചേന്നംപള്ളിയിലും എല്ലാം ഇതുതന്നെയാണ് സ്ഥിതി. വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും കഴിയില്ല. അടുത്തിടെ മൂന്ന് അപകടങ്ങളാണ് നടന്നത്. ഇതിൽ രണ്ടു പേർ മരിക്കുകയും ചെയ്തു. പരിഹാരം കാണണെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.