നാട്ടുകാർക്ക് ദുരിതമായി വാതക ശ്മശാനം
തിരുവല്ല: നിർമ്മാണത്തിനൊപ്പം തുടങ്ങിയ വിവാദങ്ങൾക്കുശേഷം ശാന്തികവാടം വീണ്ടും അസ്വസ്ഥമാകുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ശാന്തികവാടം വാതക ശ്മശാനമാണ് പരിസരവാസികൾക്ക് ദുരിതമാകുന്നത്. മൃതദേഹം ദഹിപ്പിക്കുമ്പോൾ അസഹ്യമായ ദുർഗന്ധം ചുറ്റുപാടും പരക്കുന്നതാണ് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്. പുകക്കുഴലിലെ തകരാറാണ് പ്രശ്‌നം. അന്തരീക്ഷത്തിലേക്ക് പുക തളളിക്കളയുന്ന 100 അടിയോളം ഉയരമുളള കുഴലിന്റെ അടിഭാഗത്ത് ചോർച്ചയുണ്ട്. തുരുമ്പെടുത്ത് തുളവീണ ഈഭാഗങ്ങളിലൂടെ പുക സമീപത്തെ വീടുകളിൽ ദുർഗന്ധമുണ്ടാക്കുന്നു. കഴിഞ്ഞദിവസം ശ്മശാനത്തിൽ മൃതദേഹം കത്തിക്കുന്നതിനിടെ പുക വളപ്പിലേക്കുതന്നെ പടർന്നു. സമീപവാസികൾ നഗരസഭാ അധികൃതരെ ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. ശ്മശാനത്തിന് ചുറ്റുപാടും നിരവധി വീടുകളുണ്ട്.
രണ്ട് പതിറ്റാണ്ട് മുമ്പാണ് അരക്കോടിയോളം രൂപ ചെലവഴിച്ച് നഗരസഭയുടെ പൊതുശ്മശാനം താലൂക്ക് ആശുപത്രിക്ക് പിന്നിലായുള്ള സ്ഥലത്ത് സ്ഥാപിച്ചത്. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ശ്‌മശാന നിർമ്മാണത്തിലെ പിഴവുകൾ കാരണം അഴിമതി ആരോപണങ്ങൾ ഉയർന്നു. കാര്യക്ഷമമായി പ്രവർത്തിക്കാതിരുന്നതോടെ മൃതദേഹങ്ങൾ പൂർണ്ണമായി കത്താതെ പുറത്തെടുത്ത് മണ്ണിട്ടുമൂടിയ സംഭവങ്ങൾ വരെ ഉണ്ടായി. പ്രവർത്തനം പലവട്ടം തടസപ്പെട്ടതോടെ അടച്ചുപൂട്ടിയിരുന്നു.
തീരാത്ത പരാതികൾ
ഏഴുവർഷം മുമ്പാണ് വൈദ്യുതി ശ്‌മശാനം വാതകശ്മശാനം ആക്കുന്നത്. 30 ലക്ഷത്തോളം രൂപകൂടി ഇതിനായി ചെലവിട്ടു. പുക ഉയരത്തിലേക്ക് എത്തിക്കാൻ വലിയ കുഴലും സ്ഥാപിച്ചു. കൊവിഡ് കാലത്ത് ദിവസം അഞ്ച് മൃതദേഹങ്ങൾ വരെ ഇവിടെ കത്തിക്കുമായിരുന്നു. ഇവയുടെ ഭാഗങ്ങൾ ഗ്യാസ് ചേംബറിന്റെ കുഴലുകളിലും മറ്റും അടിഞ്ഞ് പുക മുകളിലേക്ക് പോകാത്ത അവസ്ഥയിൽവരെ എത്തി. സമീപവാസികൾ പലവട്ടം പ്രതിഷേധം ഉയർത്തി. അറ്റകുറ്റപ്പണിക്കായി പലതവണ അടച്ചിട്ടു. ഇപ്പോൾ മാസത്തിൽ പത്തോളം മൃതദേഹങ്ങളാണ് എത്തിക്കുന്നത്. കുഴലിന്റെ മുകളിൽ നിന്ന് വെളളം ഉളളിലേക്ക് പതിച്ചാണ് തുരുമ്പിക്കുന്നത്.
ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴാണ് ഇവിടുത്തെ പുക വീട്ടിലേക്ക് അടിച്ചുകയറുന്നത്. അസഹ്യമായ ദുർഗന്ധംമൂലം കടുത്ത മാനസിക ബുദ്ധിമുട്ടിലാണ്.
നാട്ടുകാർ
-------------------
വാതക ശ്‌മശാനത്തിന്റെ പുകക്കുഴലിന് മേൽമൂടി സ്ഥാപിച്ചിരുന്നില്ല. ഇതുകാരണം കുഴലിൽ വെള്ളം വീണ് ദ്രവിച്ചിരിക്കുകയാണ്. പുകക്കുഴൽ ഉടനെ മാറ്റിസ്ഥാപിക്കാൻ കൗൺസിൽയോഗം തീരുമാനിച്ചിട്ടുണ്ട്.
ശാന്തമ്മ വർഗീസ്
നഗരസഭാ ചെയർപേഴ്സൺ